കേരളത്തിന് അർഹമായ കേന്ദ്രസഹായം ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി
കേരളം നേരിട്ട ദുരന്തങ്ങൾ ചെറുതല്ല. സംസ്ഥാനത്തിന് ചെലവുകൾ വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 15 ശതമാനം വർധന ചെലവുകളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിന് അർഹമായ കേന്ദ്ര സഹായം ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം നേരിട്ട ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ ചെലവുകളിൽ ഗണ്യമായ വർധനവുണ്ടായി. ഇത്തരം സാഹചര്യങ്ങളിലാണ് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ സഹായം ലഭ്യമാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം നേരിട്ട ദുരന്തങ്ങൾ ചെറുതല്ല. സംസ്ഥാനത്തിന് ചെലവുകൾ വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 15 ശതമാനം വർധന ചെലവുകളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയാണ് കേന്ദ്രത്തിൽനിന്ന് അർഹമായ സഹായം ലഭ്യമാകേണ്ടത്. എന്നാൽ അത്തരത്തിൽ അർഹമായ സഹായം ലഭ്യമാകുന്നില്ലെന്നത് ഗുരുതരമായ അവസ്ഥയാണ്. അതിനെ മറികടക്കാൻ തനതായ വഴികൾ കണ്ടെത്തൽ മാത്രമേ മാർഗമുള്ളൂ. സംസ്ഥാനങ്ങളുടെ അവകാശം പൊതുവെ അംഗീകരിക്കുന്ന മട്ടിലല്ല കേന്ദ്രം നീങ്ങിയിട്ടുളളത്. ഇത് കേന്ദ്ര- സംസ്ഥാന ബന്ധത്തിലുണ്ടാക്കിയ ഗുരുതരമായ പ്രശ്നങ്ങൾ തന്നെയാണ്.
ബജറ്റിന് പുറത്ത് പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കാനായി ധനസമാഹാപരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബി പുനസംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 54,391 കോടി രൂപയുടെ പ്രവൃത്തികൾക്ക് കിഫ്ബി ഇതുവരെ അംഗീകാരം നൽകിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബജറ്റിന് പുറത്തുള്ള ധനസമാഹരണത്തിന്റെ ഭാഗമായി മസാല ബോണ്ടുകൾ വഴി 2180 കോടി രൂപ സമാഹരിക്കാൻ സാധിച്ചു. കിഫ്ബി മുഖേന സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാനാണ് സാധിക്കുന്നത്.