കിഫ്ബിയെ സംശയത്തിന്റെ മുനയിൽ നിർത്താനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി
ട്രാന്‍സ്ഗ്രിഡ് പദ്ധതി സംബന്ധിച്ച് അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച ചെന്നിത്തല വിഷയത്തിൽ ജുഡീഷൽ അന്വേഷണവും, സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: കിഫ്ബിയെ സംശയത്തിന്റെ മുനയിൽ നിർത്താനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്ക് പണം കൊടുക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതൊന്നും കിഫ്ബിക്ക് ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയുടെ മറവിൽ സംസ്ഥാനത്ത് കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി വൈദ്യുതി മന്ത്രി എം.എം മണിയും രംഗത്തു വന്നിരുന്നു. ട്രാന്‍ഗ്രിഡ് പദ്ധതിയുടെ പേരിലുള്ള ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. ഉത്തരവാദിത്തമുള്ള നേതാവാണെങ്കിൽ ചെന്നിത്തല പരാതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ തിരഞ്ഞെടുപ്പിന്റെ അങ്കലാപ്പിലാണ് ചെന്നിത്തല ഇത്തരം വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മണി കുറ്റപ്പെടുത്തി. നേരത്തെ, ട്രാന്‍സ്ഗ്രിഡ് പദ്ധതി സംബന്ധിച്ച് അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച ചെന്നിത്തല വിഷയത്തിൽ ജുഡീഷൽ അന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.