വീരേന്ദ്രകുമാറിൻ്റെ വേർപാട് ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടം: മുഖ്യമന്ത്രി

അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.

Update: 2020-05-29 04:45 GMT

തിരുവനന്തപുരം: ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്‌ വീരേന്ദ്രകുമാർ. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്‌. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.

മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത്‌ പ്രശ്‌നവും ആഴത്തിൽ പഠിച്ച്‌ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കൊവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന എംഎൽഎമാരുടെയും എം പിമാരുടെയും സംയുക്തയോഗത്തിൽ പങ്കെടുത്ത്‌ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു.

ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ ഐക്യം തകർക്കുകയും ചെയ്യുന്ന വർഗീയതയ്‌ക്കെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു.

ആ വേർപാടിൽ അദ്ദേഹത്തിൻറെ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉള്ള തീവ്രമായ ദുഃഖത്തിൽ പങ്കുചേരുന്നു.

Tags:    

Similar News