മുഴുവന്‍ മുസ്‌ലിംകളുടെയും അട്ടിപ്പേറവകാശം ആരും നല്‍കിയിട്ടില്ല; മുസ്‌ലിം ലീഗിനെ വീണ്ടും കടന്നാക്രമിച്ച് മുഖ്യമന്ത്രി

നാല് സീറ്റ് മോഹിച്ച് വഴിവിട്ട ബന്ധത്തിന് തയ്യാറായിപ്പോയി. അത് തുറന്നുപറയാനുള്ള ആര്‍ജവമാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ മേല്‍ മേക്കിട്ടുകയറി തീര്‍ത്തുകളയാമെന്ന് കരുതരുത്.

Update: 2020-12-25 16:07 GMT

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരേ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേരളത്തിലെ മുഴുവന്‍ മുസ് ലിംകളുടെയും അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിന് ആരും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗിന്റെ തെറ്റായ രീതികളെയാണ് താന്‍ ചോദ്യംചെയ്തത്. അതിനാണ് വര്‍ഗീയവാദിയെന്ന പട്ടം ചാര്‍ത്തിത്തരാന്‍ ശ്രമിച്ചത്. ഏത് നിലവച്ചുകൊണ്ടാണ് ഇത് ലീഗ് പറയുന്നത്. അങ്ങനെ ഒരു പ്രത്യേക കാര്‍ഡിറക്കി തങ്ങള്‍ക്ക് വന്നിട്ടുള്ള അപചയം പരിഹരിച്ചുകളയാമെന്ന് വ്യാമോഹിക്കണ്ട. തെറ്റ് തെറ്റാണ്.

ആ തെറ്റ് തുറന്നുസമ്മതിക്കണം. ജനങ്ങളുടെ മുന്നില്‍ പറയണം. സ്വന്തം പാര്‍ട്ടിയില്‍ പറയണം. നാല് സീറ്റ് മോഹിച്ച് വഴിവിട്ട ബന്ധത്തിന് തയ്യാറായിപ്പോയി. അത് തുറന്നുപറയാനുള്ള ആര്‍ജവമാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ മേല്‍ മേക്കിട്ടുകയറി തീര്‍ത്തുകളയാമെന്ന് കരുതരുത്. ചെയ്ത കാര്യത്തില്‍ കുറ്റബോധമുണ്ടെങ്കില്‍ തിരുത്തേണ്ടതാണെന്ന് തോന്നലുണ്ടെങ്കില്‍ ആ തെറ്റ് തുറന്നുസമ്മതിക്കാന്‍ തയ്യാറാവണം. വെല്‍ഫെയര്‍ ബന്ധം തെറ്റാണെന്ന അഖിലേന്ത്യാ നിലപാട് പറയാനാണ് മുല്ലപ്പള്ളി ശ്രമിച്ചത്.

അങ്ങനെയൊരാള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് വേണ്ടെന്ന് ലീഗ് നിലപാടെടുത്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മല്‍സരിക്കുന്നതിനെക്കുറിച്ച് താനൊന്നും പറയുന്നില്ല. അത് അവരുടെ പാര്‍ട്ടിയുടെ തീരുമാനമാണ്. അതുസംബന്ധിച്ച് ലീഗിനുള്ളില്‍തന്നെ എതിരഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടിക്കകത്താണ് ഇതിനെ ചോദ്യംചെയ്തത്. അതാണ് കാണേണ്ട കാര്യം. ആദ്യം പാര്‍ട്ടിയുടെയും അണികളുടെയും വിശ്വാസം ആര്‍ജിക്കട്ടെ. എന്നിട്ട് മതി സിപിഎമ്മിനെതിരേ വരുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Tags:    

Similar News