വിദേശസന്ദർശനം വിജയം; 200 കോടിയുടെ നിക്ഷേപം വരുമെന്ന് മുഖ്യമന്ത്രി

നീറ്റ ജലാറ്റിൻ കമ്പനി, തോഷിബ, ടൊയോട്ട തുടങ്ങിയ വൻകിട കമ്പനികൾ കേരളത്തിൽ നിക്ഷേപിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Update: 2019-12-07 07:55 GMT

തിരുവനന്തപുരം: വിദേശ യാത്രവിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജപ്പാൻ, കൊറിയ എന്നീ വിദേശ രാജ്യങ്ങളിലെ സന്ദർശനം സംസ്ഥാനത്തിനു ഗുണം ചെയ്‌തെന്നും വ്യക്തമാക്കി. താനും രണ്ടു മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തിന്റെ സന്ദർശന ഫലമായി സംസ്ഥാനത്തു 200 കോടിയുടെ നിക്ഷേപം നടത്താൻ വിവിധ വിദേശ കമ്പനികൾ തയ്യാറായതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസം ആരോഗ്യം, ഭക്ഷ്യസംസ്‌കരണം, മത്സ്യസംസ്‌കരണം, ചെറുകിട-ഇടത്തരം വ്യവസായം, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ ഗുണകരമാകാവുന്ന സന്ദർശനമാണ് പൂർത്തിയാക്കിയത്. സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ഒട്ടേറെ നിക്ഷേപക സാദ്ധ്യതകൾ തുറക്കാനും നടപടികൾക്കു തുടക്കമിടാനും സന്ദർശനം കൊണ്ടു സാധിച്ചു.

നീറ്റ ജലാറ്റിൻ കമ്പനി, തോഷിബ, ടൊയോട്ട തുടങ്ങിയ വൻകിട കമ്പനികൾ കേരളത്തിൽ നിക്ഷേപിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തോഷിബയുമായി വൈകാതെ കരാറൊപ്പിടും. സാങ്കേതിക കൈമാറ്റത്തിനുള്ള ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനവുമായി സഹകരിച്ച് തോഷിബ ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ബാറ്ററി നിർമ്മിക്കാനാണ് പദ്ധതി. ജപ്പാനിലെ വിവിധ സർവകലാശാലകളുമായി വിദ്യാഭ്യാസ രംഗത്തു സഹകരിക്കാനുള്ള സാദ്ധ്യതയും തേടി. തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള വികസന സാദ്ധ്യതകൾ സംബന്ധിച്ചു ജപ്പാൻ സന്ദർശനത്തിലൂടെ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ചെറുകിട-ഇടത്തരം വ്യാവസായങ്ങളുടെ വികസനത്തിനു ജപ്പാനുമായി സഹകരിക്കാനും തീരുമാനിച്ചു. സാങ്കേതിക വിദ്യാ കൈമാറ്റമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ജപ്പാനിലെ ചില കമ്പനികൾ നിക്ഷേപത്തിനു തയ്യാറായത് വലിയ പ്രതീക്ഷ പകരുന്ന കാര്യമാണ്. കേരളത്തെ കുറിച്ച് ജപ്പാനു വലിയ മതിപ്പുണ്ട്. കേരളം ജാപ്പനീസ് നിക്ഷേപങ്ങൾക്കു അനുയോജ്യമാണെന്നാണ് അവർ വിലയിരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News