എല്ലാ ദിവസവും വാർത്താസമ്മേളനം നടത്തും; പൊങ്ങച്ചം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്നായിരുന്നു പ്രതിപക്ഷ വിമർശനം.
തിരുവനന്തപുരം: ലോക്ക്ഡൗൺ തീരുന്നതുവരെ എല്ലാ ദിവസവും മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തും. കഴിഞ്ഞ ദിവസമാണ് തുടർച്ചയായി വാർത്താ സമ്മേളനം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഇന്നത്തെ അവലോകന യോഗത്തിലാണ് ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്നുവരെ എല്ലാദിവസവും വാർത്താ സമ്മേളനം തുടരുമെന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
സർക്കാരിൻ്റെ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളുടെ പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്താസമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ടുള്ള ദിവസങ്ങളിൽ ഇനി കാണാം എന്നുപറഞ്ഞുകൊണ്ടായിരുന്നു. വാർത്താസമ്മേളനത്തിൽ അതത് ദിവസങ്ങളിലെ പ്രധാന സംഭവങ്ങളാണ് എടുത്ത് പറഞ്ഞിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും ഒടുവിൽ വാർത്താസമ്മേളനം നടന്നത് വ്യാഴാഴ്ചയാണ്. ആഴ്ചയിൽ ഒരു ദിവസം മാത്രമേ അവലോകന യോഗം ഉണ്ടാവുകയുള്ളൂവെന്നും ഒന്നിടവിട്ട ദിവസങ്ങളിൽ മാധ്യമ പ്രവർത്തകരെ കാണാൻ ശ്രമിക്കാമെന്നുമാണ് അന്ന് മുഖ്യമന്ത്രി അറിയിച്ചത്. ആ തീരുമാനമാണ് മുഖ്യമന്ത്രി മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്നായിരുന്നു പ്രതിപക്ഷ വിമർശനം.
വാർത്താസമ്മേളനം നിർത്തിയതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള വിവരങ്ങൾ അറിയാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് നിരവധി കോളുകളാണ് വിദേശത്തുനിന്ന് വരുന്നത്. അതുകൊണ്ട് വാർത്താസമ്മേളനം തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തിൽ അറിയിച്ചു.
