എഡിജിപി അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Update: 2024-09-02 05:51 GMT

കോട്ടയം: എഡിജിപി അജിത്കുമാറിനെതിരെയുള്ള പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് പോലിസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനതിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷിക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു നീക്കും.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ കൊടിയ ക്രിമിനാലാണെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്. രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദര്‍വേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

പോലിസില്‍നിന്നു നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴും പൊതുസമൂഹത്തിനുണ്ട്. ഇത്തരം മാറ്റങ്ങള്‍ക്കു നേരെ മുഖം തിരിഞ്ഞുനില്‍ക്കുന്ന ചെറിയൊരു വിഭാഗം ഇപ്പോഴും സേനയില്‍ ഉണ്ടെന്നുള്ളത് ഗൗരവകരമായ കാര്യമാണ്. ഇത്തരക്കാരുടെ പ്രവര്‍ത്തനമാണു പോലിസ് നേടിയ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്നത്. ഒരാള്‍ ചെയ്യുന്ന തെറ്റ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്ന നിലയിലേക്ക് എത്തുന്നു. അവരെ സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ വിവരങ്ങളുണ്ട്. അത്തരക്കാരെ കേരളത്തില്‍ പോലിസ് സേനയില്‍ ആവശ്യമില്ല എന്ന നിലപാടാണു പൊതുവേ സര്‍ക്കാരിനുള്ളത്- മുഖ്യമന്ത്രി പറഞ്ഞു.




Tags: