ഉദ്യോഗാര്‍ഥികള്‍ ജാഗ്രതൈ....... വ്യാജ തൊഴില്‍വാഗ്ദാനങ്ങളില്‍ വഞ്ചിതരാവരുതെന്ന് സിയാല്‍

എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് നിരവധി ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രതപാലിക്കണമെന്നും സിയാല്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Update: 2019-02-13 15:14 GMT

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) പേരില്‍ നടക്കുന്ന വ്യാജ തൊഴില്‍വാഗ്ദാനങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാവരുതെന്ന് മുന്നറിയിപ്പ് നല്‍കി സിയാല്‍ അധികൃതര്‍ രംഗത്ത്. എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് നിരവധി ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രതപാലിക്കണമെന്നും സിയാല്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സിയാലിലും അനുബന്ധസ്ഥാപനങ്ങളിലും നിരവധി തസ്തികകള്‍ ഒഴിവുണ്ടെന്നും അതിനായി തങ്ങള്‍ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും കാണിച്ച് ചില ഏജന്‍സികളും തൊഴില്‍രംഗത്ത് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളും പ്രചാരണം നടത്തുന്നുണ്ട്. പ്രാഥമിക അഭിമുഖത്തിനായി പരിഗണിക്കണമെങ്കില്‍ നിശ്ചിതതുക ഈ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് ആവശ്യപ്പെടുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അന്വേഷണത്തിനായി ദിവസവും സിയാലിനെ സമീപിക്കുന്നത്. സിയാലിന്റെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ ടി3 പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനോടനുബന്ധിച്ചാണ് ഇത്തരത്തില്‍ വ്യാജ തൊഴില്‍ വാഗ്ദാനങ്ങളുമായി ഏജന്‍സികള്‍ രംഗത്തുവന്നിരിക്കുന്നത്. നിലവില്‍ സിയാലിലോ ഉപസ്ഥാപനങ്ങളിലോ തൊഴില്‍ ഒഴിവുകളില്ല. തങ്ങളുടെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി സുതാര്യമായാണ് സിയാലിലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍. ഭാവിയില്‍ ഒഴിവുണ്ടാവുന്ന സാഹചര്യത്തില്‍ പത്രങ്ങളില്‍ വിജ്ഞാപനമായി പ്രസിദ്ധീകരിക്കുമെന്നും www.cial.aero എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ഇതുസംബന്ധിച്ച് അറിയിപ്പുണ്ടാവുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ തസ്തികള്‍ക്കും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും നിലവില്‍ ഒഴിവുകളില്ലാത്ത സാഹചര്യത്തില്‍ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട ലിങ്ക് മരവിപ്പിച്ചിട്ടുണ്ടെന്നും സിയാല്‍ വ്യക്തമാക്കി. തൊഴില്‍തട്ടിപ്പ് നടത്തിയ ചില ഏജന്‍സികള്‍ക്കെതിരേ സിയാല്‍ നിയമനടപടി സ്വീകരിച്ചുകഴിഞ്ഞു. ഇത്തരം വാഗ്ദാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ pro@cial.aero എന്ന ഇ- മെയിലില്‍ അറിയിക്കണം. വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കുന്ന ഏജന്‍സികള്‍ക്കെതിരേ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും സിയാല്‍ ആവശ്യപ്പെട്ടു.

Tags:    

Similar News