ചര്‍ച്ച് ബില്ലിനെതിരെ പ്രതിഷേധവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി

സഭയുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് നിലവില്‍ നിയമമില്ലെന്ന് പറഞ്ഞിരിക്കുന്നത് തെറ്റാണ്. കത്തോലിക്ക സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളും സഭാ നിയമങ്ങളും ബാധകമാണ്.ഈ നിമയങ്ങള്‍ അനുസരിച്ചാണ് അവ കൈകാര്യം ചെയ്യുന്നത്.നിയമലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട സഭാ അധികാരികളെയോ സിവില്‍ കോടതികളെയോ സമീപിച്ച് പരിഹാരം തേടുന്നതിനുള്ള സംവിധാനം നിലവിലുണ്ട്.

Update: 2019-02-28 07:07 GMT

കൊച്ചി: കേരള ചര്‍ച്ച് ബില്ലിനെതിരെ പ്രതിഷേധവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി) രംഗത്ത്.കേരള നിയമപരിഷ്‌കരണ കമ്മീഷന്‍ ദി കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയുഷന്‍) ബില്‍ 2018 എന്ന പേരില്‍ നിയമമുണ്ടാക്കുന്നതിന് ന്യായീകരണമായി നിര്‍ദിഷ്ടബില്ലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച് ബിഷപ് ഡോ.എം സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് ഡോ.യൂഹനോന്‍ മാര്‍ ക്രിസോസ്റ്റം,സെക്രട്ടറി ജനറല്‍ ആര്‍ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ പറയുന്നു.മാര്‍ച്ച് മൂന്നിന് ദേവാലയങ്ങളില്‍ വായിക്കുന്നതിനായി തയാറാക്കി നല്‍കിയിരിക്കുന്ന സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സഭയുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് നിലവില്‍ നിയമമില്ലെന്ന് പറഞ്ഞിരിക്കുന്നത് തെറ്റാണ്. കത്തോലിക്ക സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളും സഭാ നിയമങ്ങളും ബാധകമാണ്.ഈ നിയമങ്ങള്‍ അനുസരിച്ചാണ് അവ കൈകാര്യം ചെയ്യുന്നത്.നിയമ ലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട സഭാ അധികാരികളെയോ സിവില്‍ കോടതികളെയോ സമീപിച്ച് പരിഹാരം തേടുന്നതിനുള്ള സംവിധാനം നിലവിലുണ്ട്.ഈ സാഹചര്യത്തില്‍ ഇതിനായി പുതിയ ഒരു നിയമം വേണമെന്ന തെറ്റായ അടിസ്ഥാനത്തിലാണ് നിര്‍ദിഷ്ട ബില്‍ തയാറാക്കിയിരിക്കുന്നതെന്നും കെസിബിസി ഭാരവാഹികള്‍ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ സഭകളെ പൊതു സമൂഹത്തില്‍ അപമാനിക്കാന്‍ താല്‍പര്യമുള്ളതുകൊണ്ടോ സഭയോടും സഭാ അധികാരികളോടും വിദ്വേഷം വെച്ചു പുലര്‍ത്തുന്നതുകൊണ്ടോ ആണെന്നും ഇവര്‍ ആരോപിച്ചു.

നിഷിപ്ത താല്‍പര്യക്കാരുടെ പ്രേരണയ്ക്കു വഴങ്ങിയും ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളും പ്രകടിപ്പിക്കുന്ന അഭിപ്രായം സഭയിലെ അംസംതൃപ്തരുടെ ഒറ്റപ്പെട്ട ശബ്ദം മാത്രമാണ്.ഈ സാഹചര്യത്തില്‍ നിയമ പരിഷ്‌കരണ കമ്മീഷന്റെ നടപടി ആശങ്കാ ജനകവും പിന്നിലെ ഉദ്ദേശ ശുദ്ധി സംശയാസ്പദവുമാണെന്നും കെസിബിസി സര്‍ക്കുലറില്‍ പറഞ്ഞു.വഖഫ് ബോര്‍ഡ്,ദേവസ്വം ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങളും അവയെ ബാധിക്കുന്ന നിയമങ്ങളും ചൂണ്ടിക്കാട്ടി ക്രൈസ്തവരുടെ കാര്യത്തില്‍ സമാന സംവിധാനങ്ങള്‍ എന്തുകൊണ്ട് പാടില്ലെന്ന് ചോദിക്കുന്നത് യുക്തി സഹമല്ല.ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ബില്ല് നിയമമായാല്‍ സഭാ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം തര്‍ക്കങ്ങള്‍ കൊണ്ടും വ്യവഹാരങ്ങള്‍കൊണ്ടും നശിപ്പിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. സഭാ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ബില്ലിന്റെ പിന്നിലുള്ളതെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.ഇത്തരമൊരു നിയമ നിര്‍മാണത്തില്‍ നിന്നും കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.




Tags: