വീടുകളിലോ വിദ്യാലയങ്ങളിലോ പോലും കുട്ടികള്‍ സുരക്ഷിതരല്ലാതായി മാറി: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
ആലുവ: മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പോലും കരുണ നഷ്ടപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആശീര്‍ നന്ദയെന്ന 14 കാരി മരിക്കാന്‍ ഇടയായത് സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള കടുത്ത വിവേചനവും അവഹേളനവുമാണ് എന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആരോപണം. കുട്ടികളോടുള്ള ക്രൂരത സമൂഹത്തില്‍ അധികരിച്ച് വരികയാണ്. പ്രസവാനന്തരം രണ്ടു കുട്ടികളെ സ്വന്തം മാതാവ് തന്നെ കൊലപ്പെടുത്തിയ സംഭവംഏറെ ഞെട്ടലുളവാക്കുന്നു. സമൂഹത്തില്‍ മാതാപിതാക്കളും കുട്ടികളും തമ്മിലും അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലും നിലനില്‍ക്കേണ്ട പവിത്ര ബന്ധങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരേ ശക്തമായ അവബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
സ്‌കൂളുകള്‍ അവരുടെ നിലവാരം ഉയര്‍ത്തി കാണിക്കുന്നതിന് വിദ്യാര്‍ഥികളെ ബലിയാടാക്കുന്ന രീതി നിയമപരമായി തന്നെ നേരിടേണ്ടതുണ്ട്. ഉള്ളവരൊന്നും ഇല്ലാത്തവരെന്നും തരംതിരിക്കുകയും, അതുപോലെ മിടുക്കര്‍ എന്നും മഠയരെന്നും തരംതിരിക്കുകയും ക്ലാസുകള്‍ ക്രമീകരിക്കുകയും ചെയ്യുന്നത് കുട്ടികളോടുള്ള ക്രൂരതയാണ്. ഇതിനെ നിയമപരമായി തന്നെ നേരിടണം. വ്യക്തികളുടെ അസാന്മാര്‍ഗിക ജീവിതം കേവലം വ്യക്തിപരം എന്ന കാറ്റഗറിയില്‍ പെടുത്തി, അവര്‍ക്ക് കുട്ടികള്‍ ഉണ്ടാകുമ്പോള്‍ കൊലപ്പെടുത്തുകയും അത് നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ക്രൂരതയാണ്. പുതുതലമുറയില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് അനുസൃതമായി സമൂഹത്തില്‍ നടത്തേണ്ട ഇടപെടലുകള്‍ എപ്രകാരമായിരിക്കണം എന്നത് പഠനവിഷയമാക്കുകയും മൂല്യച്യുതികളെ ആ നിലയ്ക്ക് തന്നെ പരിഗണിച്ച്് നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ മാത്രമാണ് ആരോഗ്യകരമായ സാമൂഹിക ജീവിതം കെട്ടിപ്പെടുക്കാനാകൂ എന്നും യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ബാബിയ ഷെരിഫ്, സല്‍മസ്വാലിഹ് എന്നിവര്‍ സംസാരിച്ചു.
