കുട്ടികളടക്കം ആക്രമണത്തിന് ഇരയാകുന്നു, തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടായേ തീരൂ': ഹൈക്കോടതി
കൊച്ചി: തെരുവുനായ വിഷയത്തില്‍ സ്വരം കടുപ്പിച്ച് ഹൈക്കോടതി. ഒട്ടേറെ പേര്‍ക്കാണ് നായകളുടെ കടിയേല്‍ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടായേ തീരൂ എന്ന് കോടതി പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെയാണ് തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നതെന്നും ജസ്റ്റിസ് സി.എസ്.ഡയസ് ചൂണ്ടിക്കാട്ടി.
നായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് 9,000ത്തിലധികം അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട തീരുമാനം എന്താണെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ഇക്കാര്യത്തില്‍ നേരത്തെയും കോടതി സര്‍ക്കാരില്‍നിന്നു മറപടി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണം.
ലൈസന്‍സ് ഇല്ലാതെ തെരുവുനായകളെ കൂട്ടത്തോടെ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നായകളെ സംരക്ഷിക്കുന്നതിന് എതിരല്ല, പക്ഷേ നിയമപ്രകാരമുള്ള ലൈസന്‍സുകള്‍ ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി. നേരത്തെ തെരുവുനായകളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നു നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യത്തില്‍ കോടതി സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞിരുന്നു.