ചില്‍ഡ്രന്‍ ആന്റ് പോലിസ്: സംസ്ഥാനതല റിസോഴ്സ് സെന്‍റര്‍ ഉദ്ഘാടനം ഞായറാഴ്ച

കുട്ടികളുമായി ബന്ധപ്പെട്ട് പോലിസ് ആവിഷ്കരിച്ച പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനും ഏകോപനത്തിനുമാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്.

Update: 2020-01-25 11:15 GMT

തിരുവനന്തപുരം: കേരള പോലിസ് നടപ്പാക്കുന്ന ചില്‍ഡ്രന്‍ ആന്റ് പോലിസ് (സിഎപി ) പദ്ധതിയുടെ സംസ്ഥാനതല റിസോഴ്സ് സെന്‍റര്‍ ഞായറാഴ്ച തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങും. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പത്നി കമല വിജയനും ചേര്‍ന്ന് സെന്‍റര്‍ ഉദ്ഘാടനം ചെയ്യും. പേരൂര്‍ക്കടയില്‍ ആംഡ് പോലിസ് ആസ്ഥാനത്തിനു സമീപമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

കുട്ടികളുമായി ബന്ധപ്പെട്ട് പോലിസ് ആവിഷ്കരിച്ച പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനും ഏകോപനത്തിനുമാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്. ഇന്‍റര്‍നെറ്റിന് അടിമകളായ കുട്ടികള്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പടെയുള്ള സഹായം ലഭ്യമാക്കാന്‍ ഈ കേന്ദ്രം മുന്‍കൈയെടുക്കും. ഇതിനായി വിദഗ്ധരുടെ സഹായം ലഭ്യമാക്കും. കുട്ടികളുമായി ബന്ധപ്പെട്ട ഏതു വിവരങ്ങളും നൽകാൻ ഒരു കാള്‍ സെന്‍ററും ഇവിടെ പ്രവര്‍ത്തനമാരംഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി ഒരു ഹബ് രൂപീകരിക്കാനും പദ്ധതിയുണ്ട്. സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിയന്ത്രണത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഐജി പി വിജയനാണ് സംസ്ഥാനതല നോഡല്‍ ഓഫീസര്‍.

സ്റ്റുഡന്‍റ് പോലിസ് കേഡറ്റ് പദ്ധതി, ഔര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി, മൂവായിരത്തിലധികം സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍, പ്രൊജക്റ്റ് ഹോപ്പ്, 110 ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ എന്നിവയാണ് കുട്ടികളുമായി ബന്ധപ്പെട്ട് കേരള പോലിസ് ആവിഷ്കരിച്ച പ്രധാന പദ്ധതികള്‍.

Tags:    

Similar News