ശുചിത്വ പദവി സംസ്ഥാന തല പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
കോഴിക്കോട് ജില്ലയില്‍ 39 ഗ്രാമപഞ്ചായത്തുകളും 3 നഗരസഭകളും കോഴിക്കോട് കോര്‍പറേഷനുമാണ് ഖരമാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ശുചിത്വ പദവി കൈവരിച്ചത്.
തിരുവനന്തപുരം: ശുചിത്വ പദവിയുടെ സംസ്ഥാന തല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് നിര്‍വഹിക്കും. സംസ്ഥാനത്തെ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ശുചിത്വ പദവിയിവലേക്ക് എത്തിക്കുകയെന്ന ബൃഹത് പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി ഇതിനോടകം 534 ഗ്രാമ പഞ്ചായത്തുകളും 57 നഗരസഭകളും ശുചിത്വ പദവി കൈവരിക്കുകയും 30 ബ്ലോക്കുകളില്‍ മുഴുവന്‍ പഞ്ചായത്തുകളും ശുചിത്വ പദവിയിലേക്ക് എത്തുകയും ചെയ്തിരുന്നു.
കോഴിക്കോട് ജില്ലയില്‍ 39 ഗ്രാമപഞ്ചായത്തുകളും 3 നഗരസഭകളും കോഴിക്കോട് കോര്‍പറേഷനുമാണ് ഖരമാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ശുചിത്വ പദവി കൈവരിച്ചത്. വടകര, കൊയിലാണ്ടി, മുക്കം നഗരസഭകളും കോഴിക്കോട് കോര്‍പ്പറേഷന്‍, വടകര ബ്ലോക്കിലെ ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളും കുന്നുമ്മല്‍ ബ്ലോക്കിലെ കുറ്റ്യാടി, കുന്നുമ്മല്‍, മരുതോങ്കര, കാവിലുംപാറ, വേളം, കായക്കൊടി, നരിപ്പറ്റ എന്നിവയും ശുചിത്വ പദവി കൈവരിച്ചവയാണ്.
ബ്ലോക്ക് തലത്തില്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി ഏര്‍പ്പാടാക്കികൊണ്ട് വടകര, കുന്നുമ്മല്‍ ബ്ലോക്കുകളെ ശുചിത്വ ബ്ലോക്കായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബാലുശ്ശേരി ബ്ലോക്കിലെ ഉള്ള്യേരി, നടുവണ്ണൂര്‍, ബാലുശ്ശേരി, കോട്ടൂര്‍, പനങ്ങാട്, പേരാമ്പ്ര ബ്ലോക്കിലെ പേരാമ്പ്ര, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, ചക്കിട്ടപ്പാറ എന്നിവയും കൊടുവള്ളി ബ്ലോക്കില്‍ മടവൂര്‍, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളും കുന്ദമംഗലം ബ്ലോക്കിലെ കാരശ്ശേരി, ചാത്തമംഗലം, കുരുവട്ടൂര്‍, മാവൂര്‍, പെരുമണ്ണ, പെരുവയല്‍, മേലടി ബ്ലോക്കിലെ മേപ്പയൂര്‍, തൂണേരി ബ്ലോക്കിലെ വളയം, തോടന്നൂര്‍ ബ്ലോക്കിലെ വില്യാപ്പള്ളി, മണിയൂര്‍, പന്തലായനി ബ്ലോക്കിലെ അത്തോളി, അരിക്കുളം, ചേമഞ്ചേരി, ചേളന്നൂര്‍ ബ്ലോക്കിലെ കക്കോടി, കോഴിക്കോട് ബ്ലോക്കിലെ കടലുണ്ടി, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളും ശുചിത്വ പദവി കൈവരിച്ചു.
ശുചിത്വ പദവി വിലയിരുത്തലിനായി ജില്ലാതലത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഓഫീസ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ മിഷന്‍, ക്ലീന്‍ കേരള കമ്പനി, ഗ്രാമവികസന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരടങ്ങിയ 5 ടീമുകള്‍ ഉണ്ടാക്കിയിരുന്നു. ഓഗസ്ത് 4 മുതല്‍ 15 വരെയുള്ള തിയതികളില്‍ ഈ പരിശോധന പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. 44 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഈ പരിശോധന പൂര്‍ത്തീകരിക്കുകയും ഇതില്‍ 43 എണ്ണത്തിന് ശുചിത്വ പദവി കൈവരിക്കുന്നതിന് യോഗ്യത ഉണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. നഗരസഭകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് വടകര നഗരസഭയ്ക്കാണ് (93 മാര്‍ക്ക്). ഗ്രാമപഞ്ചായത്തുകളില്‍ അഴിയൂരിനാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് (92 മാര്‍ക്ക്).

