പ്രവാസികളെ നാട്ടിലെത്തിക്കാൻ ക്രിയാത്മക ഇടപെടൽ ഉണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി

തിരിച്ചുവരുന്ന പ്രവാസികൾക്കായി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ക്യാബിനറ്റ് സെക്രട്ടറി മുമ്പാകെ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. ഇക്കാര്യങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാമെന്ന് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു.

Update: 2020-04-25 12:15 GMT

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാൻ ക്രിയാത്മക ഇടപെടൽ ഉണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിൻ്റെ ഇടപെടൽ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്. ഇന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിയുമായി വീഡിയോ കോൺഫറൻസിങ് വഴി കൂടിക്കാഴ്ച നടത്തി. തിരിച്ചുവരുന്ന പ്രവാസികൾക്കായി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ക്യാബിനറ്റ് സെക്രട്ടറി മുമ്പാകെ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. ഇക്കാര്യങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാമെന്ന് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു.

പ്രവാസികളെ തിരികെയെത്തിക്കാൻ ക്രിയാത്മക ഇടപെടൽ ഉണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചു. തിരിച്ചുവരുന്ന പ്രവാസികളുടെ സുരക്ഷയ്ക്ക് കേരളം സ്വീകരിച്ച നടപടികളെ കുറിച്ച് കേന്ദ്രത്തെ

നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് സംസ്ഥാനത്തെ പ്രത്യേകമായി അഭിനന്ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിൻ്റെ ലോക്ക് ഡൗൺ ഇളവുകൾ പ്രകാരം കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്തുള്ള എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം. ഷോപ്പ് അന്‍ഡ് എസ്റ്റാബ്ലിഷ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കാം. 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ പാടില്ല. ഹോട്ട്‌സ്‌പോട്ടുകളിലെ മേഖലകളില്‍ ഇളവുകള്‍ ഇല്ല. നേരെ കച്ചവടം തുടങ്ങുകയല്ല വേണ്ടത്. കട ആദ്യം ശുചീകരിക്കണം. വ്യാപാരികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ആശുപത്രികൾ, ഡോക്ടർമാർ, രോഗികളുടെ ബന്ധുക്കൾ എന്നിവരിൽ നിന്ന് മരുന്നുകൾ ശേഖരിച്ച് എവിടെയുമുള്ള രോഗികൾക്ക് എത്തിച്ചു കൊടുക്കുന്ന സംവിധാനം പോലിസ് വിജയകരമായി നടപ്പാക്കി വരികയാണ്. ഇതിന്റെ സംസ്ഥാനതല ഏകോപനം നിർവഹിക്കുന്നതിന് ക്രൈം ബ്രാഞ്ച് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ ഫയർ ഫോഴ്സും പ്രശംസനീയമായ സേവനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News