ജാതിമത സംഘടനകള്‍ പരസ്യമായി വോട്ടുചോദിക്കുന്നത് ചട്ടലംഘനം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍എസ്എസ് പരസ്യപ്രചാരണത്തിനിറങ്ങിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍.

Update: 2019-10-16 13:26 GMT

തിരുവനന്തപുരം: ജാതിമത സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ പരസ്യമായി വോട്ടുചോദിക്കുന്നത് ചട്ടലംഘനമാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍എസ്എസ് പരസ്യപ്രചാരണത്തിനിറങ്ങിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍. ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന് ജാതിമത സംഘടനകള്‍ക്ക് പറയാന്‍ അവകാശമില്ല. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ഇത്തരത്തില്‍ വോട്ടുചോദിച്ചുവെന്ന പരാതി തിതരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അതിരുകടക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം കാരണം ജനങ്ങളുടെ ദൈംദിനകാര്യങ്ങള്‍ക്ക് തടസ്സം നേരിടുന്നതായി പരാതികളുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടാന്‍ ഡിജിപിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും കത്തയച്ചതായും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചട്ടവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലിസിനും വരണാധികള്‍ക്കും നിര്‍ദേശം നല്‍കിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags: