തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് സംസ്ഥാനത്തെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വൈകിട്ട് 5.30ന് അദ്ദേഹം കൊച്ചിയിലാണ് എത്തുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം എസ്‌ഐആര്‍ നടപടികള്‍ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുകയെന്നതും അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ഇന്ന് പ്രത്യേക ഔദ്യോഗിക പരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ലാത്ത കമ്മിഷണര്‍ എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ നാളെ രാവിലെ മുതല്‍ ഉച്ചവരെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം വിശദമായ ചര്‍ച്ചകള്‍ നടത്തും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികള്‍ക്കുള്ള ആശങ്കകളും അവരുടെ നിര്‍ദേശങ്ങളും യോഗത്തില്‍ അദ്ദേഹം നേരിട്ട് ചോദിച്ചറിയും.
സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ മറ്റന്നാള്‍ (ഏഴാം തിയ്യതി) രാവിലെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നിര്‍ണായക കൂടിക്കാഴ്ചകള്‍ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി (ഡിജിപി) എന്നിവര്‍ക്ക് പുറമെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ ക്രമസമാധാന നിലയും തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങളും ഈ യോഗത്തില്‍ വിശദമായി വിലയിരുത്തും. അതിര്‍ത്തി ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍, അന്തര്‍സംസ്ഥാന മദ്യക്കടത്ത്, കള്ളപ്പണം ഒഴുകുന്നത് തടയാനുള്ള പ്രത്യേക പരിശോധനകള്‍, ചെക്ക് പോസ്റ്റുകളിലെ നിരീക്ഷണം എന്നിവയും ചീഫ് സെക്രട്ടറിയുമായും പോലിസ് മേധാവിയുമായുള്ള യോഗത്തില്‍ ചര്‍ച്ചയാകും. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്ര സായുധ സേനയെ സംസ്ഥാനത്ത് വിന്യസിക്കുന്ന കാര്യവും കമ്മിഷന്റെ പരിഗണനയിലുണ്ട്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തിയ ശേഷം ശനിയാഴ്ച കൊച്ചിയില്‍ വച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ മാധ്യമങ്ങളെ കാണും. എസ്‌ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് ശേഷമുള്ള മറുപടികളും കൂടുതല്‍ വിശദീകരണങ്ങളും ഈ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് കമ്മിഷണറുടെ ഈ സന്ദര്‍ശനം. എല്ലാ മുന്നൊരുക്കങ്ങളും തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ കമ്മിഷന്‍ ഡല്‍ഹിയിലേക്ക് മടങ്ങുകയുള്ളൂ. കേരളത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അടുത്ത ആഴ്ചയോടെ തന്നെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് നിലവിലെ സൂചന.

