യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: ചെന്നിത്തലയുടെ മകന്റെ വിവാഹചടങ്ങുകള്‍ ഒഴിവാക്കി

സ്വീകരണച്ചടങ്ങിന് വിനിയോഗിക്കേണ്ട പണം കൂടി പ്രയോജനപ്പെടുത്തി കൊല്ലപ്പെട്ട കൃപേക്ഷിന്റെ സഹോദരി കൃഷ്ണപ്രിയുടെ വിവാഹം തങ്ങള്‍ നടത്തിക്കൊടുക്കുമെന്നാണ് വധൂവരന്‍മാരായ ഡോ.രോഹിതിന്റെയും ഡോ.ശ്രീജയുടെയും തീരുമാനം

Update: 2019-02-19 11:13 GMT

തിരുവനന്തപുരം: കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസിന്റെ രണ്ടു യുവാക്കളെ സിപിഎം അക്രമികള്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കവും വേദനയും വിവരണാതീതമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദുഖകരമായ ഈ അവസ്ഥയില്‍ തന്റെ മകന്‍ ഡോ.രോഹിതിന്റെ വിവാഹത്തോടനുബന്ധിച്ച് 21ന് തിരുവനന്തപുരം ഗിരിദീപം ഓഡിറ്റോറിയത്തിലും 23ന് ഹരിപ്പാട് ബോയിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നടത്താനിരുന്ന സ്വീകരണച്ചടങ്ങുകള്‍ വേണ്ടെന്ന് വയ്ക്കുകയാണെന്ന് ചെന്നിത്തല അറിയിച്ചു. ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുള്ള അതിഥികള്‍ക്ക് ഇത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സ്വീകരണച്ചടങ്ങിന് വിനിയോഗിക്കേണ്ട പണം കൂടി പ്രയോജനപ്പെടുത്തി കൊല്ലപ്പെട്ട കൃപേക്ഷിന്റെ സഹോദരി കൃഷ്ണപ്രിയുടെ വിവാഹം തങ്ങള്‍ നടത്തിക്കൊടുക്കുമെന്നാണ് വധൂവരന്‍മാരായ ഡോ.രോഹിതിന്റെയും ഡോ.ശ്രീജയുടെയും തീരുമാനം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും വീടുകളില്‍ താന്‍ പോയിരുന്നു. ഓലമേഞ്ഞ ചെറ്റക്കുടിലില്‍ കഴിയുന്ന കൃപേഷിന്റെ വീട്ടുകാരുടെ ഏക പ്രതീക്ഷയും ആശ്രയുവുമായിരുന്നു ആ ചെറുപ്പക്കാരന്‍. കൃപേക്ഷിന്റെ മരണത്തോടെ ആ കുടുംബം അനാഥമാകാന്‍ പാടില്ല. യുഡിഎഫിനോടൊപ്പം സമൂഹവും ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Tags: