4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല; പൊതുജനങ്ങള്‍ക്കായി പ്രത്യേക വെബ്‌സൈറ്റും

Update: 2021-03-31 16:24 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരട്ടവോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് ഒരു മണ്ഡലത്തിലുള്ള ഇരട്ടവോട്ടുകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മണ്ഡലം തിരിച്ച് ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാവുന്ന വിധമാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്.

ഇരട്ടവോട്ട് വിശദാംശങ്ങള്‍ രാത്രിയില്‍ പുറത്തുവിടുമെന്ന് നേരത്തെ ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ഇരട്ടവോട്ടുകളുടെ സമ്പൂര്‍ണവിവരം യുഡിഎഫിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനായി 15 മിനിട്ടുനേരം പ്രവര്‍ത്തിപ്പിച്ച് നോക്കിയിരുന്നു. ഈ സമയത്ത് 18,000 പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചുവെന്ന് കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

ഇരട്ടവോട്ടുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. 140 മണ്ഡലങ്ങളിലെയും ഇരട്ടവോട്ടുകളുടെ പൂര്‍ണവിവരവും ഇതില്‍ ലഭ്യമാണെന്ന് കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു. കള്ളവോട്ടുകള്‍ക്കെതിരേ യുഡിഎഫ് ബൂത്ത്തല പ്രവര്‍ത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്.

വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ ആര്‍ക്കുവേണമെങ്കിലും അവരുടെ പേരുമായി ഒത്തുനോക്കി ഇരട്ട വോട്ടുണ്ടോയെന്ന് പരിശോധിക്കാം. 38,586 ഇരട്ടവോട്ടുകള്‍ മാത്രമേ കണ്ടെത്താനായുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ വാദം യുഡിഎഫ് അംഗീകരിച്ചിട്ടില്ല. 4.34 ലക്ഷം ഇരട്ട വോട്ടുകളെക്കുറിച്ചുള്ള പരാതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നത്.

Tags: