മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിൽ: ചെന്നിത്തല
കൊറോണ പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളൽ മാത്രമാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസുമായി വിവാദ സ്ത്രീക്ക് അതി ശക്തമായ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ മാധ്യമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാരിന്റെ കൊള്ളയും കൊള്ളിവയ്പ്പും ആര് ചൂണ്ടിക്കാണിച്ചാലും അവർക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിലയിലാണ് കാര്യങ്ങൾ. സ്പ്രിങ്ഗ്ലർ മുതൽ പാവങ്ങൾക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയിൽ വരെ അഴിമതി നടക്കുമ്പോൾ അതൊന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കരുത്, മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കരുത് എന്ന നിലപാടിലാണ് മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ ഉൾപെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പറ്റി മാധ്യമങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ചർച്ച ചെയ്തത്. രാഷ്ട്രീയമായി എതിർക്കാൻ കഴിയാത്തതുകൊണ്ടും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമാണ് ഈ ആരോപണങ്ങൾ എന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യപ്രവർത്തകർക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആരോപണങ്ങൾ ഒരിക്കലും പാടില്ലാത്തതാണ്. കഴിഞ്ഞ കാലത്ത് അദ്ദേഹത്തെ പുകഴ്ത്തിയവരാണ് മാധ്യമങ്ങൾ. പുകഴ്ത്തുമ്പോൾ പരവതാനി വിരിക്കുകയും വിമർശിക്കുമ്പോൾ പുലഭ്യം പറയുകയും ചെയ്യുന്നത് ജനാധിപത്യമര്യാദയല്ല.
മാധ്യമപ്രവർത്തകരെ സൈബർ ഗുണ്ടകളെ കൊണ്ട് ആക്രമിപ്പിക്കുന്ന രീതി ശരിയല്ല. ഞാനും സൈബർ ഗുണ്ടകളുടെ ആക്രമത്തിന് വിധേയമായിട്ടുള്ളയാളാണ്. മുഖ്യമന്ത്രിയുടെ മറുപടികളാണ് സൈബർ ഗുണ്ടകൾക്കുള്ള പ്രചോദനം. പുതിയരീതിയിലുള്ള സംവാദമെന്നാണ് സൈബർ ഗുണ്ടാ ആക്രമണത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വനിതാ മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ പോലും അപമാനിക്കുന്ന തരത്തിലാണ് സൈബർ ആക്രമണം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. കൊറോണ പ്രതിരോധമെന്നത് ആറുമണിക്കത്തെ തള്ളൽ മാത്രമാണെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും ചെന്നിത്തല ചുണ്ടിക്കാട്ടി.

