മുഖ്യമന്ത്രിയുടെ നവവൽസര പ്രഖ്യാപനങ്ങള്‍ കബളിപ്പിക്കല്‍: രമേശ് ചെന്നിത്തല

നിലവിലെ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റുകളിലും സര്‍ക്കാര്‍ നടത്തിയതാണ്. അവ നടപ്പാക്കാതെ പുതിയ കാര്യം പോലെ പുതുവര്‍ഷത്തില്‍ വീണ്ടും മുഖ്യമന്ത്രി അവ പ്രഖ്യാപിക്കുകയാണ് ചെയ്തത്.

Update: 2020-01-01 18:00 GMT

തിരുവനന്തപുരം: പൂര്‍ണ്ണമായ ഭരണപരാജയം മറച്ച് വച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള പൊടിക്കൈ മാത്രമാണ് നവവത്സര ദിനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പൊതു ഇടങ്ങള്‍ സ്ത്രീ സൗഹൃദമാക്കും, സ്ത്രീകള്‍ക്കായി വിശ്രമ കേന്ദ്രങ്ങളും സ്ത്രീ സൗഹൃദ ശുചിമുറികളും സ്ഥാപിക്കും, വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റുകളിലും സര്‍ക്കാര്‍ നടത്തിയതാണ്. അവ നടപ്പാക്കാതെ പുതിയ കാര്യം പോലെ പുതുവര്‍ഷത്തില്‍ വീണ്ടും മുഖ്യമന്ത്രി അവ പ്രഖ്യാപിക്കുകയാണ് ചെയ്തത്. പുതുവര്‍ഷത്തില്‍ തന്നെ കേരളത്തിലെ ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കണമായിരുന്നോ? ഏറ്റവും ഒടുവിലത്തെ ബജറ്റില്‍ സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്ക് 1420 കോടി രൂപയാണ് വകയിരുത്തിയത്. കാര്യമായൊന്നും ചിലവാക്കിയിട്ടില്ല. പുതുവര്‍ഷത്തില്‍ 37 കോടി വൃക്ഷത്തെകള്‍ വച്ചു പിടിപ്പിക്കുമെന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോടിക്കണക്കിന് തൈകള്‍ വച്ചു പിടിപ്പിച്ചതായി അവകാശപ്പെടുന്ന സര്‍ക്കാരാണിത്. ആ വൃക്ഷത്തൈകള്‍ ഇപ്പോള്‍ എവിടെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് പ്രഖ്യപനവും പുതുമയുള്ളതല്ല. നേരത്തെയും അതിന് വ്യവസ്ഥ ഉണ്ടായിരുന്നു. അത് കാര്യക്ഷമമായി നടപ്പാക്കാതിരുന്നതിനാലാണ് കുട്ടികള്‍ക്ക് മണ്ണ് വാരി തിന്നേണ്ടി വന്നത്. പുതുവര്‍ഷത്തില്‍ പതിവ് പോലെ കുറച്ച് പാഴ് വാഗ്ദാനങ്ങള്‍ കൂടി മുഖ്യമന്ത്രി നല്‍കി എന്നല്ലാതെ മറ്റൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News