പി എസ് സി റാങ്കുലിസ്റ്റുകള്‍ ആറുമാസത്തേക്ക് നീട്ടണം: രമേശ് ചെന്നിത്തല
എക്‌സൈസ് വകുപ്പില്‍ നിലനിന്നിരുന്ന സീനിയോറിറ്റി തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു.
തിരുവനന്തപുരം: പി എസ് സി റാങ്കുലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടിയിലും പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലും പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്ത് നടത്തിയ ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
റാങ്കുലിസ്റ്റ് റദ്ദാക്കപ്പെട്ടതിന്റെ പേരില്‍ ഇനിയൊരു ആത്മഹത്യ ഉണ്ടാകരുത്. സര്‍ക്കാരിന്റെ അനാവശ്യ പിടിവാശിയാണ് എല്ലാത്തിനും കാരണം. അനുവിന്റെ ആത്മഹത്യ കുടുംബത്തിന് വരുത്തിയ നഷ്ടം മറ്റൊന്നിനും പകരം വയ്ക്കാനാവില്ല. എക്‌സൈസ് വകുപ്പില്‍ നിലനിന്നിരുന്ന സീനിയോറിറ്റി തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അങ്ങനെയെങ്കില്‍ അനുവിന് ഉള്‍പ്പെടെ റാങ്ക് പട്ടികയില്‍ ഇടം നേടിയ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കാന്‍ കഴിയുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഈ മാസം 20 ന് കൂടുതല്‍ പി എസ് സി റാങ്ക് പട്ടിക റദ്ദാക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഉപവാസ സത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
മരണത്തിന് ഉത്തരവാദികളായ മുഖ്യമന്ത്രിയുടേയും പി.എസ്.സി ചെയര്‍മാന്റേയും പേരില്‍ ഐപിസി 309 പ്രകാരം പ്രേരണാകുറ്റത്തിന് കേസെടുക്കണം. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇരുവര്‍ക്കും ഒഴിഞ്ഞ് മാറാനാകില്ല. പി.എസ്.സിയുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ത്തു. സംസ്ഥാന സര്‍ക്കാരും പി.എസ്.സിയും യുവാക്കളോട് ക്രൂരതയാണ് കാട്ടുന്നത്. ജോലി നിഷേധിക്കുന്നതിനെതിരായ വികാരം പ്രകടിപ്പിച്ചാല്‍ നിയമന വിലക്ക് ഏര്‍പ്പെടുത്തുമെന്ന നിലപാടാണ് പി.എസ്.സിക്കുള്ളത്. യുവതീ യുവാക്കളുടെ നെഞ്ചില്‍ ചവിട്ടി നിന്നുള്ള പ്രസ്താവനകളാണ് ചെയര്‍മാന്‍ നടത്തുന്നത്. അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്നു. നിരുത്തരവാദപരമായ പെരുമാറ്റമാണ് പി.എസ്.സി ചെയര്‍മാന്റെ ഭാഗത്ത് നിന്നും തുടരെ ഉണ്ടാകുന്നത്. ഇതിനെ തിരുത്തുന്നതിന് പകരം മുഖ്യമന്ത്രി പി.എസ്.സി ചെയര്‍മാനെ ന്യായീകരിക്കുകയാണ്.
സിപിഎമ്മിന്റെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും പുറംവാതില്‍ വഴി നിയമനം നല്‍കുന്നു. സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പദ്ധതി വെറും തട്ടിപ്പാണ്. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികളുടെ നാടമുറിക്കല്‍ മാത്രമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
