ചെങ്ങന്നൂര്‍ സ്റ്റേഡിയം നിര്‍മാണോദ്ഘാടനം 25ന്

പതിനയ്യായിരം കാണികള്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടു കൂടിയ സ്‌റ്റേഡിയത്തില്‍ എട്ട് ലൈന്‍ സിന്തറ്റിക്ക് ട്രാക്ക്, ഫുട്‌ബോള്‍ കോര്‍ട്ട്, ലോംഗ്ജംപ്, ട്രിപ്പിള്‍ ജംപ് പിറ്റുകള്‍,50:30 മീറ്റര്‍ വരുന്ന മേപ്പിള്‍ വുഡ് പാകിയ ഇന്‍ഡോര്‍ കളിക്കളം, ഹോക്കി കോര്‍ട്ട്, അന്താരാഷ്ട്ര നിലവാരമുള്ള സ്വിമ്മിംഗ് പൂള്‍, ഔട്ട് ഡോര്‍ കോര്‍ട്ട്, ജിംനേഷ്യം, കളിക്കാര്‍ക്കുള്ള മുറികള്‍, ഗസ്റ്റ് റൂമുകള്‍, ഹോസ്റ്റലുകള്‍, തിയേറ്ററുകള്‍ എന്നിവ ഉണ്ടാകും.

Update: 2019-02-20 14:11 GMT

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിവാസികളുടെ ചിരകാല സ്വപ്‌നമായ സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാകുകയാണ്. നഗരസഭയുടെ പെരുങ്കുളം പാടത്ത് നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം 25 ന് പകല്‍ 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് സജി ചെറിയാന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ കായിക വകുപ്പു മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനാകും. സജി ചെറിയാന്‍ എംഎല്‍എ സ്വാഗതം പറയും. മന്ത്രിമാരായ തോമസ് ഐസക്ക്, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവര്‍ പങ്കെടുക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തും.

49 കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ലാ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. 20 ഏക്കര്‍ ഭൂമിയാണ് ഇതിനായി വേണ്ടി വരുന്നത്. പതിനയ്യായിരം കാണികള്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടു കൂടിയ സ്‌റ്റേഡിയത്തില്‍ എട്ട് ലൈന്‍ സിന്തറ്റിക്ക് ട്രാക്ക്, ഫുട്‌ബോള്‍ കോര്‍ട്ട്, ലോംഗ്ജംപ്, ട്രിപ്പിള്‍ ജംപ് പിറ്റുകള്‍,50:30 മീറ്റര്‍ വരുന്ന മേപ്പിള്‍ വുഡ് പാകിയ ഇന്‍ഡോര്‍ കളിക്കളം, ഹോക്കി കോര്‍ട്ട്, അന്താരാഷ്ട്ര നിലവാരമുള്ള സ്വിമ്മിംഗ് പൂള്‍, ഔട്ട് ഡോര്‍ കോര്‍ട്ട്, ജിംനേഷ്യം, കളിക്കാര്‍ക്കുള്ള മുറികള്‍, ഗസ്റ്റ് റൂമുകള്‍, ഹോസ്റ്റലുകള്‍, തിയേറ്ററുകള്‍ എന്നിവ ഉണ്ടാകും. 2000 പേര്‍ക്കിരിക്കാവുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയം പൊതു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഗാലറിക്കു താഴെ കടമുറികള്‍ നിര്‍മ്മിക്കും.

ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് 23 ന് രാവിലെ 7 ന് ആലപ്പുഴ ബീച്ചില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും. ജില്ലാ പോലിസ് ചീഫ് കെ എം ടോമി ഫ്‌ലാഗ് ഓഫ് ചെയ്യും. 24 ന് വൈകിട്ട് 4 ന് പത്മശ്രീ പി എം ജോസഫിന്റെ ചെങ്ങന്നൂരിലുള്ള സ്മൃതി കുടീരത്തില്‍ നിന്നും ഉദ്ഘാടന വേദിയിലേക്ക് ദീപശിഖ റാലി നടക്കും. ദേശീയ മെഡല്‍ ജേതാക്കളായ കായിക താരങ്ങള്‍ ദീപശിഖ കൊളുത്തി നല്‍കും. മുന്‍ ഇന്ത്യന്‍ ലോംഗ്ജംമ്പ് താരം ഡോ.ഷേര്‍ലി ഫിലിപ്പ് ദീപശിഖ ഏറ്റു വാങ്ങും.

25 ന് രാവിലെ ആലപ്പുഴ ജില്ലയിലെ സൈക്കിള്‍ ക്ലബ്ബുകള്‍ റാലിയായി ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ചെങ്ങന്നൂരിലെത്തും. ജില്ലാ കളക്ടര്‍ എസ് സുഹാസ് റാലി ഫ്‌ലാഗ് ഓഫ് ചെയ്യും. പകല്‍ 1 ന് ജില്ല സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കായിക താരങ്ങളുടെ റാലി നടക്കും. മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കെ ടി ചാക്കോ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.ചെങ്ങന്നൂരിലെ വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, കായിക അക്കാഡമികള്‍, ക്ലബ്ബുകള്‍, സംഘടനകള്‍

സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ വിവിധ അസോസിയേഷനുകള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. സ്‌റ്റേഡിയം നിര്‍മ്മാണം മാര്‍ച്ച് മാസത്തില്‍ ആരംഭിക്കുമ്പോള്‍ നിലവിലുള്ള നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുമെന്നും പെരുങ്കുളം പാടത്ത് നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരണത്തിനാവശ്യമായ ശാസ്ത്രീയ പദ്ധതികള്‍ ആരംഭിക്കുമെന്നും സജി ചെറിയാന്‍ എം എല്‍ എ പറഞ്ഞു.

Similar News