ഇല്ലാത്ത കാന്‍സറിന് കീമോ; പരിശോധനാഫലം നല്‍കിയ ലാബ് അടച്ചുപൂട്ടി

സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദേശിച്ചു. കാന്‍സര്‍ ചികിത്സ നടത്തിയ സംഭവത്തില്‍ രണ്ടുദിവസത്തിനകം കാന്‍സര്‍ ചികിത്സാ പ്രോട്ടോകോള്‍ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2019-06-03 06:30 GMT

കോട്ടയം: കാന്‍സറുണ്ടെന്ന് വ്യാജ പരിശോധനാ ഫലം നല്‍കിയ കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തെ ഡയനോവ ലാബ് അടച്ചു പൂട്ടി. എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് ലാബ് അടച്ചു പൂട്ടുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടും വരെ ലാബ് പ്രവര്‍ത്തിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പ്രകടനമായെത്തിയവര്‍ ലാബോറട്ടറിയിലേക്ക് ഇരച്ചുകയറി ഷട്ടര്‍ വലിച്ചുതാഴ്ത്തി ഒരുമണിക്കൂര്‍ ഉപരോധം നടത്തി. തുടര്‍ന്ന് ഗാന്ധിനഗര്‍ സിഐ കെ ധനപാലന്‍, എസ്ഐ വി വിനോദ് കുമാര്‍ എന്നിവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പരിശോധനക്കായി പുതിയ സാംബിളുകള്‍ വാങ്ങാന്‍ പാടില്ലെന്നും പരിശോധന ഫലങ്ങള്‍ രോഗികള്‍ക്ക് വേണ്ടിതിരികെ നല്‍കുന്നതിന് ലാബ് തുറക്കുന്നതിന് അവസരം നല്‍കുകയും ചെയ്തിനെത്തുടര്‍ന്ന് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ സ്തനത്തില്‍ കണ്ട മുഴയ്ക്ക് ചികില്‍സ തേടിയെത്തിയ ആലപ്പുഴ കുടശനാട് സ്വദേശിയായ രജനിയാണ് സ്വകാര്യലാബിന്റെയും അധികൃതരുടെയും വീഴ്ചയ്ക്ക് ഇരയായത്. പരിശോധയക്ക് എത്തിയ രജനി ടെസ്റ്റ് സാംപിളില്‍ ഒന്ന് സ്വകാര്യലാബിലും മെഡിക്കല്‍ കോളജിലെ പതോളജി ലാബിലും നല്‍കി. സ്വകാര്യ ലാബിലെ റിപ്പോര്‍ട്ടില്‍ കാന്‍സറാണെന്നായിരുന്നു എഴുതിയത്.

പതോളജി ലാബിലെ റിപ്പോര്‍ട്ടിന് കാത്ത് നില്‍ക്കാതെ ഡോക്ടര്‍ ഇവര്‍ക്ക് കാന്‍സറിനുള്ള ചികില്‍സ തുടങ്ങി. കീമോതെറാപ്പിക്ക് നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ മുടി പൊഴിച്ചിലും ശരീരമാസകലം കരുവാളിപ്പ് മുതലായ പാര്‍ശ്വഫലങ്ങളുണ്ടായി. ഇതിനിടെ പതോളജി ലാബിലെ റിപ്പോര്‍ട്ടില്‍ കാന്‍സറില്ലെന്ന് വന്നു. ആദ്യ കീമോതെറാപ്പിക്കു ശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. തുടര്‍ന്ന് ആര്‍സിസിയില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞു. കാന്‍സര്‍ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു.

സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദേശിച്ചു. കാന്‍സര്‍ ചികിത്സ നടത്തിയ സംഭവത്തില്‍ രണ്ടുദിവസത്തിനകം കാന്‍സര്‍ ചികിത്സാ പ്രോട്ടോകോള്‍ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ അന്വേഷണം ആരംഭിച്ചു. പരാതി ഉയര്‍ന്നപ്പോള്‍ തന്നെ അന്വേഷണം നടത്തി സ്വകാര്യ ലാബിലെ പിഴവാണെന്നു കണ്ടെത്തിയതായും ഡോക്ടര്‍മാരുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് മെയ് ആദ്യ വാരം തന്നെ വിദ്യഭാസ ഡയറക്ടര്‍ക്ക് നല്‍കിയിരുന്നുനുവെന്നും പ്രിന്‍സിപ്പല്‍ ജോസ് ജോസഫ് പറഞ്ഞു.

സ്വകാര്യലാബിന്റെ ഫലം ആശ്രയിച്ചത് ചികില്‍സ വൈകാതിരിക്കാന്‍- മെഡി. കോളജ്

കോട്ടയം: ചികിൽസ വൈകിയാല്‍ രോഗിക്ക് അപകടം സംഭവിക്കുമെന്നതിലാണ് സ്വകാര്യ ലാബിന്റെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെതെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി കെ ജയകുമാര്‍ പറഞ്ഞു.

ഇത്തരം മുഴകള്‍ കാന്‍സര്‍ സാധ്യത ഉള്ളതാണെന്നും മാമോഗ്രാം പരിശോധനയിലും കാന്‍സര്‍ സാധ്യത കണ്ടതിനാല്‍ സ്വകാര്യ ലാബ് ഫലത്തെ ആശ്രയിച്ച് ചികിത്സ തുടങ്ങുകയായിരുന്നു.  ഡയനോവ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ചികിത്സ ആരംഭിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News