വാസയോഗ്യമല്ലാത്ത സ്ഥലം നല്‍കി പറ്റിച്ചു; പോലിസ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കോഴിക്കോട് ജില്ലാ റൂറല്‍ പോലിസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു.

Update: 2022-08-20 12:22 GMT

കോഴിക്കോട്: പട്ടികവര്‍ഗത്തില്‍പെട്ട വ്യക്തിയുടെ വീടും സ്ഥലവും കരിങ്കല്‍ ക്വാറി ഉടമകള്‍ സൂത്രത്തില്‍ കൈക്കലാക്കി പകരം വനാതിര്‍ത്തിയോട് ചേര്‍ന്ന് ജണ്ട കെട്ടിയ സ്ഥലം നല്‍കിയെന്ന പരാതിയില്‍ പോലിസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

കോഴിക്കോട് ജില്ലാ റൂറല്‍ പോലിസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു.

വനം, പട്ടികവര്‍ഗ വകുപ്പുകളില്‍ നിന്നും കമ്മീഷന്‍ റിപോര്‍ട്ട് വാങ്ങി. എടവണ്ണ കൊടുമ്പുഴ ഫോറസ്റ്റ് സെക്ഷനിലാണ് ചേലക്കര കോരന്‍ ഇപ്പോള്‍ താമസിക്കുന്നതെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ കമ്മീഷനെ അറിയിച്ചു. കോരന് ക്വാറി ഉടമകള്‍ നല്‍കിയതായി പറയപ്പെടുന്ന സ്ഥലം വനഭാഗമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 10 സെന്റ് സ്ഥലം വനത്തിലേക്ക് കയറിയ നിലയിലാണ്. 2.5 ഏക്കറിലുള്ള ബാക്കി സ്ഥലം സ്വകാര്യ കൈവശത്തില്‍ തന്നെയാണ് ഇപ്പോഴുള്ളത്. കോരന്റെ സ്ഥലം രേഖപ്പെടുത്തി രേഖയില്ലാത്ത സ്ഥലം നല്‍കിയവര്‍ക്കെതിരേ പോലിസാണ് നിയമ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

പാലക്കല്‍ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിനെതിരേയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കോരന് പകരം നല്‍കിയ സ്ഥലം വാസയോഗ്യമല്ലെന്ന് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍ കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എ സി ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

Tags:    

Similar News