ഹെൽമെറ്റില്ലാതെ ബൈക്കിന് പിന്നിൽ യാത്ര ചെയ്ത വയോധികനെ എസ്ഐ മുഖത്തടിച്ചു; വലിച്ചിഴച്ച് ജീപ്പിൽ കയറ്റി (വീഡിയോ)

സംഭവത്തിൽ കൊല്ലം റൂറൽ എസ്പി അന്വേഷണത്തിന് നിർദേശം നൽകി.

Update: 2020-10-07 09:15 GMT

കൊല്ലം: ഹെൽമെറ്റ് വയ്ക്കാതെ ബൈക്കിന് പിന്നിൽ യാത്ര ചെയ്ത വയോധികനെ പോലിസ് മർദ്ദിച്ചു. ചടയമംഗലം പ്രൊബേഷണൽ എസ്ഐ ഷജീമിനെതിരെ പരാതി. രാമാനന്ദൻ നായരെന്ന 69 കാരനെ  കരണത്തടിച്ച് വലിച്ചിഴച്ച് പോലിസ് ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കൊല്ലം റൂറൽ എസ്പി അന്വേഷണത്തിന് നിർദേശം നൽകി.

ഇന്ന് രാവിലെയായിരുന്നു സംഭവം. ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെ പോലിസ് ഇവരെ കൈക്കാണിച്ച് നിർത്തി. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് 1000 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും വിട്ടയക്കാതെ പോലിസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റി.

ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിർത്തു. താൻ ബൈക്കിന് പിറകിൽ സഞ്ചരിച്ചയാളാണെന്നും പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദൻ നായർ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണൽ എസ്ഐ ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്. 

Tags: