കേന്ദ്ര നഗര വനം പദ്ധതി; ഇളവുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം
കേന്ദ്രസഹായം ലഭിക്കുന്നതിന് ചുരുങ്ങിയത് 10 ഹെക്ടര്‍ സ്ഥലം ആവശ്യമാണെന്ന നിലവിലെ വ്യവസ്ഥ, ഒരു ഹെക്ടര്‍ എന്നാക്കി ചുരുക്കണമെന്നും ഇതിനുള്ള ധനസഹായം ഹെക്ടറിന് 10 ലക്ഷം എന്നാക്കി വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതി- വനം- കാലാവസ്ഥാ വ്യതിയാനവകുപ്പ് പ്രഖ്യാപിച്ച നഗരവനം പദ്ധതി (നഗര്‍ വന്‍ സ്‌കീം) സംസ്ഥാനത്ത് നടപ്പാക്കുന്നതിന് ചില ഇളവുകള്‍ അനിവാര്യമാണെന്ന് വനംമന്ത്രി കെ രാജു കേന്ദ്രത്തെ അറിയിച്ചു. രാജ്യത്തെ വനവിഭവ വിപുലീകരണ പദ്ധതികളെ സംബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ യോഗത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനയച്ച കത്തിലാണ് വനംമന്ത്രി ആവശ്യമുന്നയിച്ചത്. നഗരങ്ങളില്‍ വനങ്ങള്‍ സൃഷ്ടിക്കാനുദ്ദേശിക്കുന്ന നഗരവനം പദ്ധതിക്കുള്ള ധനസഹായം ലഭിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ തടസ്സമാണെന്നും നിലവിലുള്ള വ്യവസ്ഥകള്‍ തുടര്‍ന്നാല്‍ സംസ്ഥാനത്തെ ആറ് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലൊന്നില്‍പോലും പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാവുമെന്നും മന്ത്രി സൂചിപ്പിച്ചു.
കേന്ദ്രസഹായം ലഭിക്കുന്നതിന് ചുരുങ്ങിയത് 10 ഹെക്ടര്‍ സ്ഥലം ആവശ്യമാണെന്ന നിലവിലെ വ്യവസ്ഥ, ഒരു ഹെക്ടര്‍ എന്നാക്കി ചുരുക്കണമെന്നും ഇതിനുള്ള ധനസഹായം ഹെക്ടറിന് 10 ലക്ഷം എന്നാക്കി വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പദ്ധതി നടത്തിപ്പില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.സ്‌കൂളുകളില്‍ പത്ത് സെന്റിലും അതിനു മുകളിലുമുള്ള സ്ഥലങ്ങളില്‍ സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയായി കേന്ദ്ര സര്‍ക്കാരിന്റെ സ്‌കൂള്‍ നഴ്‌സറി പദ്ധതി വ്യാപിപ്പിക്കണമെന്നും അര്‍ഹമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.
സംസ്ഥാനത്ത് നടന്ന വനമഹോല്‍സവത്തിന്റെ ഭാഗമായി നിരവധി നവീനപദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി മന്ത്രി കത്തില്‍ വിശദീകരിച്ചു. ഏക വിളത്തോട്ടങ്ങളെയും മറ്റ് പ്ലാന്റേഷനുകളേയും സ്വാഭാവിക വനമാക്കി മാറ്റാനും പുല്‍മേട്, ഷോലവനങ്ങള്‍, കുറിഞ്ഞിത്തോട്ടങ്ങള്‍ തുടങ്ങിയവയെ പുനരുജ്ജീവിപ്പിക്കാനും നഗരവനം, വിദ്യാവനം തുടങ്ങിയ പുതിയ പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കാനും സംസ്ഥാന വനം വകുപ്പിന് കഴിഞ്ഞതായി വനംമന്ത്രി അറിയിച്ചു. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടിവന്നതിനാല്‍ മന്ത്രിയ്ക്ക് വേണ്ടി മുഖ്യവനം മേധാവി പി കെ കേശവനാണ് ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തത്.

