കിലോയ്ക്ക് 22 രൂപ നിരക്കിൽ അരി നൽകാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

സാധാരണ വിഹിതത്തിന് നിലവിലെ റേഷൻവില തന്നെയായിരിക്കും കാർഡുടമകൾ നൽകേണ്ടത്. അധികവിഹിതം വേണമെങ്കിൽ കിലോയ്ക്ക് 22 രൂപ വീതം നൽകേണ്ടി വരും.

Update: 2020-04-25 06:30 GMT

തിരുവനന്തപുരം: കിലോയ്ക്ക് 22 രൂപ വിലയുള്ള അരി നൽകാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം. റേഷൻകടവഴി വിതരണംചെയ്യാൻ നിലവിലുള്ള വിഹിതത്തിനു പുറമേയാണ് അരി നൽകാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചത്. ആദ്യഘട്ടത്തിൽ 50,000 ടൺ അരി ഈ വിലയ്ക്ക് കേരളം ഏറ്റെടുക്കും.

സാധാരണ വിഹിതത്തിന് നിലവിലെ റേഷൻവില തന്നെയായിരിക്കും കാർഡുടമകൾ നൽകേണ്ടത്. അധികവിഹിതം വേണമെങ്കിൽ കിലോയ്ക്ക് 22 രൂപ വീതം നൽകേണ്ടി വരും. എന്നാൽ ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം ചേർന്നശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

ഏപ്രിലിലെ സൗജന്യ റേഷൻ വിതരണം ചെയ്യാൻ സംസ്ഥാനം മേയ്, ജൂൺ മാസങ്ങളിലെ വിഹിതത്തിൽനിന്നു വകമാറ്റിയാണ് ഉപയോഗിച്ചത്. അതിനാൽ, മേയ് മാസത്തെ സാധാരണ റേഷൻ വിഹിതത്തിന് സംസ്ഥാനത്തിന്റെ പക്കൽ സബ്സിഡി അരിയില്ല. ഈ കുറവ് നികത്താൻ 22 രൂപയ്ക്ക് വാങ്ങുന്ന അരി ഉപയോഗിക്കാനാണു നീക്കം.

നിലവിൽ കേരളത്തിൽ ഭക്ഷ്യക്ഷാമമില്ലെങ്കിലും കൊറോണ നിയന്ത്രണ വിധേയമാകുന്നതു നീണ്ടാൽ സ്ഥിതി ഗുരുതരമാകും. ഇത് മുന്നിൽക്കണ്ടായിരിക്കും അധിക അരിവിഹിതം എടുക്കുന്നത് സർക്കാർ തീരുമാനിക്കുക. അതേസമയം, വിലകൂടിയ അരി വിൽക്കുന്നതിനോട് റേഷൻ വ്യാപാരികളിൽ പലർക്കും താത്പര്യമില്ല. നേരത്തെ വിലകൂടിയ അരി ലഭ്യമാക്കിയപ്പോൾ അതിന് ആവശ്യക്കാരില്ലായിരുന്നുവെന്നും അത് തിരിച്ചടിയായിരുന്നെന്നുമാണ് റേഷൻവ്യാപാരികൾ പറയുന്നത്.

Tags: