ജെഎസ്‌കെയ്ക്ക് അനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്; പേര് ഉള്‍പ്പെടെ റീ എഡിറ്റില്‍ 8 മാറ്റങ്ങള്‍
കൊച്ചി: 'ജെഎസ്‌കെ ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയിലെ ജാനകിയുടെ പേര് 'ജാനകി വി.' എന്നാക്കിയതുള്‍പ്പെടെയുള്ള മാറ്റങ്ങളോടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി. പേരിലെ മാറ്റത്തിനൊപ്പം, ചിത്രത്തില്‍ ജാനകി എന്ന പേര് പരാമര്‍ശിക്കുന്ന സ്ഥലങ്ങള്‍ 'മ്യൂട്ട്' ചെയ്യുന്നത് ഉള്‍പ്പെടെ 8 മാറ്റങ്ങളാണ് റീഎഡിറ്റില്‍ വരുത്തിയിരിക്കുന്നത് എന്നാണ് വിവരം. മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം സെന്‍സര്‍ ചെയ്യാനെത്തിച്ചത്. സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ചതോടെ അടുത്ത ദിവസങ്ങളില്‍ത്തന്നെ ചിത്രം തിയററ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമയുടെ പേരിലെ ജാനകി എന്നതു മാറ്റുക, സംഭാഷണത്തില്‍ പേര് ഉച്ചരിക്കുന്നതു മാറ്റുക തുടങ്ങിയവയായിരുന്നു അനുമതി നിഷേധിക്കാനായി സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍. മത, ജാതി, വംശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്വേഷകരമായ കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടാകരുതെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. ഇതോടെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.നഗരേഷ് ചിത്രം കാണുകയും ചെയ്തു. തുടര്‍ന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് രണ്ടു നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇത് അംഗീകരിക്കാമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ കോടതിയില്‍ അറിയിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്.
സിനിമയുടെ പേരിനൊപ്പമുള്ള 'ജാനകി'ക്കു പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യല്‍ കൂടി ചേര്‍ത്ത് സിനിമയുടെ പേര് 'വി ജാനകി' എന്നോ 'ജാനകി വി' എന്നോ ആക്കുക, ചിത്രത്തില്‍ ക്രോസ് വിസ്താര രംഗങ്ങളില്‍ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് 'മ്യൂട്ട്' ചെയ്യുക തുടങ്ങിയവയായിരുന്നു സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ മാറ്റങ്ങള്‍. തുടര്‍ന്ന് ചിത്രത്തിന്റെ േപര് 'ജെഎസ്‌കെ ജാനകി.വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നാക്കാന്‍ നിര്‍മാതാക്കള്‍ സമ്മതിച്ചു. ചിത്രത്തിലെ 1.06.45 മുതല്‍ 1.08.32 സമയത്തിനിടയ്ക്കും 1.08.33 മുതല്‍ 1.08.36 സമയത്തിനിടയ്ക്കും പരാമര്‍ശിക്കുന്ന പേരും മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്നും നിര്‍മാതാക്കള്‍ അറിയിക്കുകയായിരുന്നു. സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതിയില്‍ തട്ടി പ്രതിസന്ധിയുണ്ടായത്.

