കൊവിഡില്‍ ജാഗ്രത വേണം; മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍ എടുക്കണം

Update: 2025-06-10 15:15 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതലിന്റെ ഭാഗമായി പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. ഇടവിട്ടുള്ള മഴ പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് ആര്‍ആര്‍ടി യോഗത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ നിലവില്‍ 2223 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ 96 പേരാണ് ചികിത്സയിലുള്ളത്. 

അവരില്‍ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി.

എലിപ്പനിയ്ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. രക്ഷാപ്രവര്‍ത്തനത്തിലിറങ്ങിയവര്‍ ഉള്‍പ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകള്‍ നടത്തി കര്‍ശന നടപടി സ്വീകരിക്കണം. മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.





Tags: