എആര്‍ ക്യാംപില്‍ ജാതി വിവേചനമെന്ന്; പോലിസുകാരന്റെ മരണം മാനസികപീഡനം മൂലമെന്ന് ബന്ധുക്കള്‍
ആദിവാസിയായതിനാല്‍ പോലിസ് ക്യാംപില്‍ ജാതിവിവേചനം അനുഭവിച്ചിരുന്നുവെന്ന് മരിച്ച കുമാറിന്റെ ഭാര്യ ആരോപിച്ചു. രണ്ടുദിവസം മുമ്പാണ് പാലക്കാട് ലക്കിടിക്ക് സമീപം ട്രെയിനില്‍നിന്ന് വീണ് മരിച്ച നിലയില്‍ കുമാറിനെ കണ്ടെത്തുന്നത്.
പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാംപിലെ പോലിസുകാരന്‍ ആത്മഹത്യചെയ്തത് ജോലിസ്ഥലത്തുണ്ടായ മാനസികപീഡനം മൂലമാണെന്ന ആരോപണവുമായി ഭാര്യയും ബന്ധുക്കളും രംഗത്ത്. ആദിവാസിയായതിനാല്‍ പോലിസ് ക്യാംപില്‍ ജാതിവിവേചനം അനുഭവിച്ചിരുന്നുവെന്ന് മരിച്ച കുമാറിന്റെ ഭാര്യ ആരോപിച്ചു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ നിയോഗിച്ചു. രണ്ടുദിവസം മുമ്പാണ് പാലക്കാട് ലക്കിടിക്ക് സമീപം ട്രെയിനില്‍നിന്ന് വീണ് മരിച്ച നിലയില്‍ കുമാറിനെ കണ്ടെത്തുന്നത്. അട്ടപ്പാടി കേന്ദ്രീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മുഖ്യമന്ത്രിയെ കണ്ട് പോലിസുകാരന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനൊരുങ്ങുകയാണ് കുടുംബം.
ഉന്നത ഉദ്യോഗസ്ഥര്‍ മാനസികമായി ഉപദ്രവിക്കുകയും അധികജോലിയെടുപ്പിക്കുകയും ചെയ്തിരുന്നു. ക്വാര്‍ട്ടേഴ്‌സികത്തും പീഡനത്തിന് വിധേയനായിരുന്നുവെന്ന് കുമാര്‍ പറഞ്ഞിരുന്നു. ജാതിയില്‍ കുറച്ച് കാണിക്കുകയും ആദിവാസിയായതിനാല്‍ ബുദ്ധിയില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. മാസങ്ങളായി മാനസിക, ശാരീരിക പീഡനത്തിനിരയായിരുന്നു. തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ ക്യാംപിലുണ്ടായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. ഇതെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കുമാര്‍ അവധിയിലായിരുന്നുവെന്നും പോലിസ് പറയുന്നു.
