ജാതി സര്‍ട്ടിഫിക്കറ്റ്: പ്രത്യേക ആവശ്യം വേണമെന്ന വ്യവസ്ഥ ഒഴിവാക്കി

ഏതെങ്കിലും കോഴ്സിനുവേണ്ടി സമര്‍പ്പിക്കുന്ന നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് കോഴ്സ് കഴിയുന്നതുവരെ പ്രാബല്യമുണ്ടാകും.

Update: 2019-11-22 08:26 GMT

തിരുവനന്തപുരം: റവന്യൂ ഓഫിസുകളില്‍നിന്ന് നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിന് പ്രത്യേക ആവശ്യം വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷവും ആക്കിയിട്ടുണ്ട്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയിച്ചത്. കൂടാതെ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സമയപരിധി ഒരു വര്‍ഷമാക്കി.

ഏതെങ്കിലും കോഴ്സിനുവേണ്ടി സമര്‍പ്പിക്കുന്ന നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് കോഴ്സ് കഴിയുന്നതുവരെ പ്രാബല്യമുണ്ടാകും. പ്രത്യേക ആവശ്യത്തിനല്ലാതെ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സാധുത കാലയളവിനുള്ളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍, ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. കോടതിവിധിയുമായി ബന്ധപ്പെട്ട് നേരത്തേ ജാതിസര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 10 വര്‍ഷമായി നിജപ്പെടുത്തുകയും പിന്നീട് നീക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം മാറ്റുന്നതിനാണ് ഇപ്പോള്‍ മൂന്നുവര്‍ഷമാക്കി നിശ്ചയിച്ചത്.

വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷകര്‍ അസ്സല്‍ സൂക്ഷിക്കുകയും വിവിധ ആവശ്യങ്ങള്‍ക്ക് ഹാജരാക്കുമ്പോള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കുകയും വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരു സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് തന്നെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാകുന്ന രീതിയില്‍ നിര്‍ദേശം നല്‍കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

Tags: