ഗീതാ ഗോപി എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന്; യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരേ കേസ്

കണ്ടാലറിയാവുന്ന പ്രവര്‍ത്തകരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിതായ അതിക്രമം തടയുന്ന നിയമമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് ചേര്‍പ്പ് പോലിസ് അറിയിച്ചു.

Update: 2019-07-28 13:21 GMT

തൃശൂര്‍: ഗീതാ ഗോപി എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് 'ശുദ്ധിക്രിയ' നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. കണ്ടാലറിയാവുന്ന പ്രവര്‍ത്തകരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിതായ അതിക്രമം തടയുന്ന നിയമമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് ചേര്‍പ്പ് പോലിസ് അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തന്നെ ജാതീയമായ അധിക്ഷേപത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസിന്റെ നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും ഗീതാ ഗോപി അറിയിച്ചു.

അതേസമയം, എംഎല്‍എയുടെ പരാതി കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. തൃപ്രയാര്‍- ചേര്‍പ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എയെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ വഴിയില്‍ തടഞ്ഞിരുന്നു. റോഡ് അറ്റകുറ്റപ്പണി നടത്താത്തതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എ പൊതുമരാമത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇത് അവസാനിച്ചതിന് പിന്നാലെയാണ് എംഎല്‍എ ഇരുന്ന സ്ഥലത്ത് ചാണകവെള്ളം തളിച്ച് 'ശുദ്ധിക്രിയ' നടത്തിയത്. എംഎല്‍എ നടത്തുന്നത് നാടകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തൃശൂര്‍ നാട്ടികയില്‍നിന്നുള്ള സിപിഐയുടെ എംഎല്‍എയാണ് ഗീത. 

Tags:    

Similar News