ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ

എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.

Update: 2023-11-14 06:11 GMT

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. കൊലപാതക കുറ്റത്തിനാണ് വധ ശിക്ഷ വിധിച്ചത്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും പ്രായം പരിഗണിക്കാനാകില്ലെന്നും കോടതി വിവിധ വകുപ്പുകളിലായി അഞ്ച് ജീവ പരന്ത്യം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. പോക്സോയുടെ രണ്ടു വകുപ്പിലും ഐ.പി.സി 376ലും ജീവിതാവസാനം വരെ തടവ്. ഇതു കൂടാതെ വിവിധ വകുപ്പുകളിലായി ഏഴ് ലക്ഷത്തിലധികം പിഴ ഒടുക്കണം. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.

അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ കേസില്‍ സംഭവം നടന്ന് 110 ആം ദിവസമാണ് ശിക്ഷാ വിധി.

കൊലപാതകം, പീഡനം,തെളിവുനശിപ്പിക്കല്‍ ഉള്‍പ്പെടെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. പ്രതി മാനസാന്തരപ്പെടാന്‍ സാധ്യതയുണ്ടോ എന്ന റിപ്പോര്‍ട്ടും കോടതി പരിശോധിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് ശിക്ഷാ വിധി. പ്രതിയുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്നാണ് പ്രതിഭാഗം വാദിച്ചിരുന്നു. നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തില്‍ 34 ദിവസം കൊണ്ടാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 26 ദിവസങ്ങള്‍ മാത്രമെടുത്താണ് വിചാരണ പൂര്‍ത്തിയായത്. പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ 44 സാക്ഷികളെ പ്രോസിക്യൂഷനും പ്രതിഭാഗവും വിസ്തരിച്ചു. പെണ്‍കുട്ടി ധരിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പത്ത് തൊണ്ടിമുതലും സി.സി.ടി.വി ദൃശ്യങ്ങളുമാണ് കോടതിയില്‍ അന്വേഷണ സംഘം തെളിവായി ഹാജരാക്കിയത്. ശിശു ദിനത്തില്‍ കോടതി ശിക്ഷ വിധിക്കുമ്പോള്‍ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെയും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും പ്രതീക്ഷ.





Tags:    

Similar News