വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രമില്ല, വിമര്‍ശിച്ച് ഹൈക്കോടതി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷവിമര്‍ശനവുമായി കോടതി. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം എന്തുകൊണ്ട് സമര്‍പ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിമര്‍ശിച്ചു.
കേസിലെ ഒന്നാം പ്രതി ഫര്‍സിന്‍ മജീദ് പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. 2002 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശബരിനാഥ്, ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. എന്നാല്‍, കുറ്റപത്രത്തോട് മുഖം തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2024 ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയച്ചത്. ഇതുവരെ കേന്ദ്രം അനുമതി നല്‍കിയില്ല. സിവില്‍ ഏവിയേഷന്‍ നിയമം ചുമത്തിയോടെയാണ് കേന്ദ്രാനുമതിവേണ്ടി വന്നത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസില്‍ പ്രതികളാക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതി ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

