രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസ്; അതിജീവിതയ്ക്ക് നേരെയുണ്ടായ സൈബര്‍ അധിക്ഷേപത്തില്‍ കേസെടുക്കും
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുത്തതിന് പിന്നാലെ, അതിജീവിതയ്ക്ക് നേരെയുണ്ടായ സൈബര്‍ അധിക്ഷേപങ്ങളില്‍ കേസെടുക്കാന്‍ പോലിസ്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രം ഉപയോഗിച്ചാണ് രാഹുല്‍ അനുകൂലികള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സൈബറാക്രമണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതിപക്ഷനേതാവ് ക്ഷുഭിതനായപ്പോള്‍, പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
കോണ്‍ഗ്രസ് അനുകൂല പേജുകളും, രാഹുല്‍ മാങ്കൂട്ടത്തില്‍ അനുയായികളുമാണ് അതിജീവിതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത അധിക്ഷേപം നടത്തുന്നത്. അതിജീവിതയുടെ പരാതിയ്ക്ക് പിന്നാലെയാണ് അധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയ്ക്കുള്ള പോലിസ് നീക്കം. ഒരു വര്‍ഷം മുന്‍പ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം പ്രചരിപ്പിച്ചാണ് സൈബര്‍ ആക്രമണം. വിവാദങ്ങള്‍ക്ക് മുമ്പേ പങ്കുവച്ച ചിത്രം പുതിയ സാഹചര്യത്തില്‍ പിന്‍വലിക്കുന്നുവെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിട്ടതും വിമര്‍ശനങ്ങള്‍ക്കിടയാക്കി.
ഐഡന്റിറ്റി വെളിപ്പെടുത്താന്‍ മാത്രം വിവേകശൂന്യനല്ല താനെന്നാണ് സന്ദീപ് വാര്യരുടെ വിശദീകരണം. സൈബറാക്രമണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കെ സി വേണുഗോപാല്‍ തയ്യാറായില്ല. അധിക്ഷേപങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.