നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയമിച്ചേക്കും

വനിതാ ജഡ്ജിയെ ലഭ്യമാണോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Update: 2019-01-24 11:55 GMT

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജി വന്നേക്കുമെന്ന് സൂചന. വനിതാ ജഡ്ജിയെ ലഭിക്കുമോയെന്നതിന്റെ സാധ്യത പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസിന്റെ വിചാരണ നടപടികള്‍ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി നേരത്തേ ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കോടതി വനിതാ ജഡ്ജിയെ ലഭിക്കുന്ന സാധ്യത പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എറണാകുളത്തോ തൃശൂരിലോ വനിതാ ജഡ്ജിയെ വിചാരണയ്ക്ക് ലഭ്യമാവുമോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. ഇത് സംബന്ധിച്ച റിപോര്‍ട്ട് വ്യാഴാഴ്്ച സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ആക്രമണം വര്‍ധിച്ചുവരികയാണെന്ന നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്്. സ്ത്രീകളും കുട്ടികളും ഇരകളാവുന്ന കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികളില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇത് ഗുരുതരമായ സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണ്. നിര്‍ഭയമായി ഇരകള്‍ക്ക് മൊഴി നല്‍കാന്‍ സാധിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. കഴിഞ്ഞ ആറു മാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് മൊഴി നല്‍കാന്‍ കോടതികളില്‍ പ്രത്യേക സംവിധാനമുണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമെന്ന് ഹൈക്കോടതി വിലയിരുത്തി.




Tags:    

Similar News