കൊലയാളി പരാമർശം; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോടതി കേസെടുത്തു
ശശി തരൂർ എംപി നൽകിയ മാനനഷ്ടക്കേസിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിജെഎം കോടതിയാണു കേന്ദ്രമന്ത്രിക്കെതിരേ കേസെടുത്തത്.
തിരുവനന്തപുരം: വിവാദ പരാമർശത്തിന്റെ പേരിൽ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോടതി കേസെടുത്തു. ശശി തരൂർ എംപി നൽകിയ മാനനഷ്ടക്കേസിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിജെഎം കോടതിയാണു കേന്ദ്രമന്ത്രിക്കെതിരേ കേസെടുത്തത്. കൊലയാളി പരാമർശമാണ് കേസിന് അടിസ്ഥാനം. മേയ് രണ്ടിനു നേരിട്ടു ഹാജരാകാൻ രവിശങ്കർ പ്രസാദിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
2018 ഒക്ടോബർ 28ന് രവിശങ്കർ പ്രസാദ് നടത്തിയ വാർത്താസമ്മേളനത്തിൽ ശശി തരൂരിനെ കൊലയാളിയെന്നു വിശേഷിപ്പിച്ചെന്നാണു പരാതി. വാർത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെ തുടർന്നാണ് തരൂർ കോടതിയെ സമീപിച്ചത്.