പാലക്കാട് കാറിടിച്ച് പരിക്കേറ്റ കുട്ടിയെ വഴിയിലുപേക്ഷിച്ച് യാത്രക്കാര്‍; കുട്ടിക്ക് ദാരുണാന്ത്യം
ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് അപകടമുണ്ടായത്. മിഠായി വാങ്ങാനായി പോവുകയായിരുന്നു കുട്ടിയെ അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പാലക്കാട്: ഏഴാം ക്ലാസുകാരന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കുട്ടിക്ക് ചികില്‍സ നല്‍കാന്‍ തയ്യാറാവാതെ യാത്രക്കാര്‍ രക്ഷപ്പെട്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകന്‍ സുജിത്താണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് അപകടമുണ്ടായത്. മിഠായി വാങ്ങാനായി പോവുകയായിരുന്നു കുട്ടിയെ അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട സമീപവാസി കുട്ടിയെ അതേ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാര്‍ യാത്രക്കാര്‍ കുട്ടിയെ വാഹനത്തില്‍ കയറ്റി അഞ്ച് കിലോമീറ്ററോളം മുന്നോട്ടുപോയി.
എന്നാല്‍, കുട്ടിയുടെ തലയില്‍നിന്നും രക്തംവരാന്‍ തുടങ്ങിയതോടെ ടയര്‍ പഞ്ചറായെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവര്‍ കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് സമീപവാസി കുട്ടിയെ മറ്റൊരു വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ചുമണിക്ക് അപകടം നടന്നെങ്കിലും ആറരയ്ക്കാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. മലപ്പുറം പുത്തനത്താണി സ്വദേശി അഷ്‌റഫിന്റേതാണ് കാറെന്ന് തിരിച്ചറിഞ്ഞതായും കാര്‍ കസ്റ്റഡിയിലെടുത്തതായും പോലിസ് വ്യക്തമാക്കി.
