പൊല്‍പ്പള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് അപകടം; പൊള്ളലേറ്റ സഹോദരങ്ങള്‍ മരിച്ചു

Update: 2025-07-12 14:32 GMT

പാലക്കാട് : പൊല്‍പ്പള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ സഹോദരങ്ങള്‍ മരിച്ചു. നാലുവയസുകാരി എമിലീന മാര്‍ട്ടിന്‍, ആറുവയസുകാരന്‍ ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ സ്റ്റാര്‍ട്ടാക്കുമ്പോളാണ് കാര്‍ പൊട്ടിത്തെറിച്ചത്. കാലപ്പഴക്കം സംഭവിച്ച കാറില്‍ ബാറ്ററിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം. കാറില്‍ പെട്രോള്‍ ലീക്കുണ്ടായിരുന്നതായും നിഗമനമുണ്ട്. കുട്ടികള്‍ക്ക് രണ്ടാള്‍ക്കും 90% അധികം പൊള്ളലേറ്റിരുന്നു. എല്‍സിയും മൂന്നുമക്കളുമാണ് അപകടത്തില്‍പ്പെട്ടത്. മൂത്തമകള്‍ അലീനയ്ക്ക് 40% പൊള്ളലേറ്റിട്ടുണ്ട്.

55 ദിവസങ്ങള്‍ക്ക് മുമ്പാണ് എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ക്യാന്‍സര്‍ ബാധിച്ചു മരണപ്പെട്ടത്. പാലക്കാട് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സാണ് എല്‍സി. വൈകിട്ടോടെ വീട്ടിലെത്തിയ എല്‍സി മക്കള്‍ക്കൊപ്പം പുറത്തേക്ക് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വലിയ അപകടമുണ്ടായത് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലിസിന്റെയും തീരുമാനം.