പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽപ്പന നടത്തി; മൂന്ന് പോലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തീരദേശവാസികൾ കഠിനംകുളം കായലിൽ നിന്നും പിടിച്ച കരിമീൻ, തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പോലിസ് പിടിച്ചെടുക്കുകയായിരുന്നു.

Update: 2020-08-22 08:00 GMT

തിരുവനന്തപുരം: നാട്ടുകാർ വലവീശി പിടിച്ച കായൽ മീൻ പിടിച്ചെടുത്ത ശേഷം രഹസ്യമായി വിൽപ്പന നടത്തിയ മൂന്ന് പോലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ എഎസ്ഐമാരെ നെയ്യാറ്റിൻകര പുളിങ്കുടിയിലെ എആർ ക്യാംപിലേക്ക് മാറ്റി. വിൽപ്പന നടത്തിയ ശേഷം ബാക്കി വന്ന മീൻ ഇവർ വീട്ടിലേക്ക് കൊണ്ടുപോയെന്ന വിവരം പുറത്തുവന്നതോടെയാണ് റൂറൽ എസ്പി നടപടിയെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട എസ്ഐയെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ഒഴിവാക്കിയെന്നും ആരോപണമുണ്ട്.

സംഭവം വിവാദമായതോടെ ആറ്റിങ്ങൽ ഡിവൈഎസ്പി വി എസ് ദിനരാജിന് അന്വേഷണ ചുമതല നൽകി. ഡിവൈഎസ്പിയുടെ റിപ്പോർട്ടിലാണ് നടപടി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉൾപ്പെടെ വിശദീകരണം തേടിയിരുന്നു. 

തീരദേശവാസികൾ കഠിനംകുളം കായലിൽ നിന്നും പിടിച്ച കരിമീൻ, തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പോലിസ് പിടിച്ചെടുക്കുകയായിരുന്നു. ജീപ്പിൽ കൊണ്ടുപോയ മീൻ ഇടനിലക്കാരിലൂടെ വിൽപന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയർന്നത്. 

Tags: