ഒരു സീറ്റില്‍ ഒരാളുമായി സര്‍വീസ് നടത്താനാവില്ല; സ്റ്റോപ്പേജിന് അപേക്ഷ നൽകി ബസ്സുടമകൾ
ബസ് ഉടമകളുടെ പേരിലുള്ള വായ്പകൾക്ക് മൊറോട്ടോറിയം, ഡീസലിന് സബ്സിഡി, നികുതി അടക്കാൻ സാവകാശം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് ഉടമകൾ സർക്കാരിന് മുന്നിൽ വെച്ചിട്ടുള്ളത്.
തിരുവനന്തപുരം: ഒരു സീറ്റിൽ ഒരു യാത്രക്കാരനെന്ന നിലയിൽ സർവീസ് നടത്താൻ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഒരു വർഷത്തോളം ബസ് സർവീസ് നടത്താൻ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. പതിനായിരത്തിലധികം ബസ്സുകളുടെ ഉടമകൾ സ്റ്റോപ്പേജിന് അപേക്ഷ നൽകി. ബസ് ഉടമകളുടെ പേരിലുള്ള വായ്പകൾക്ക് മൊറോട്ടോറിയം, ഡീസലിന് സബ്സിഡി, നികുതി അടക്കാൻ സാവകാശം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് ഉടമകൾ സർക്കാരിന് മുന്നിൽ വെച്ചിട്ടുള്ളത്.
ബസുകൾ കഴിഞ്ഞ ഒരു മാസത്തോളമായി സർവീസ് നടത്താത്തതിനാൽ പ്രവർത്തന ക്ഷമമാക്കി എടുക്കാൻ ഏകദേശം 20000 രൂപയെങ്കിലും ഒരു ബസിന് വേണ്ടിവരും. അതിന് പുറമേയാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം. ഈ സാഹചര്യത്തിൽ ബസ് ഓടിക്കാൻ കഴിയില്ലെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്. കൂടാതെ ഒരുവിഭാഗം ഉടമകൾ നികുതി അടക്കമുള്ള കാര്യങ്ങളിൽ ഇളവ് ലഭിക്കുന്നതിന് ബസുകൾ ഗ്യാരേജിൽ തന്നെ തുടർന്നും സൂക്ഷിക്കുന്നതിനുള്ള ജി ഫോം അപേക്ഷയും നൽകിയിട്ടുണ്ട്.
നിലവിൽ അധിക ചാർജ് ഈടാക്കുകയോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങൾ നൽകുകയോ വേണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ഇത്തരമൊരു സാഹചര്യം കെഎസ്ആർടിസിക്കുമുണ്ട്. ഈ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരഹാരം കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.