കഞ്ചാവ് കേസ്; കനിവിനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം

Update: 2025-04-30 07:36 GMT

ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. കനിവ് ഉള്‍പ്പടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എക്‌സൈസിന് വീഴ്ച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ഒഴിവാക്കിയ ഒമ്പത് പേരുടെയും ഉച്ഛാസ വായുവില്‍ കഞ്ചാവിന്റെ മണമുണ്ടായിരുന്നു. മെഡിക്കല്‍ പരിശോധന നടത്തിയില്ല. ലഹരിക്കേസില്‍ നടത്തേണ്ട മെഡിക്കല്‍ പരിശോധന കനിവ് ഉള്‍പ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തില്‍ നടന്നില്ല. സാക്ഷി മൊഴിയിലും അട്ടിമറിയുണ്ടായി. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് സാക്ഷികള്‍ മൊഴി നല്‍കി. കേസ് അന്വേഷിച്ച കുട്ടനാട് സിഐക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചു. പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലമെന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ സിഐ മഹേഷ് ആണ് കുറ്റപത്രം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്.