കാലിക്കറ്റില്‍ ദലിത് വിദ്യാര്‍ഥിനിയുടെ ഗവേഷണ പ്രബന്ധം വൈകിപ്പിച്ച് വകുപ്പ് മേധാവി

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ എംഫില്‍ കഴിഞ്ഞ്, പിഎച്ച്ഡി ചെയ്യുന്ന സിന്ധു പി സിന്ധൂപ് ആണ് വകുപ്പ് മേധാവിയുടെ പീഡനത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

Update: 2019-09-09 05:48 GMT

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില വകുപ്പ് മേധാവിയുടെ ദലിത്, സ്ത്രീവിരുദ്ധത ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാന്‍ ഇടയാക്കിയെന്ന ആരോപണവുമായി യുവതി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ എംഫില്‍ കഴിഞ്ഞ്, പിഎച്ച്ഡി ചെയ്യുന്ന സിന്ധു പി സിന്ധൂപ് ആണ് വകുപ്പ് മേധാവിയുടെ പീഡനത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഔദ്യോഗികമായ നടപടികള്‍ക്കുശേഷം ആഗസത് 30നാണ് മലയാള കേരള പഠനം വിഭാഗത്തില്‍ സിന്ധു ഗവേഷണപ്രബന്ധം സമര്‍പ്പിച്ചത്. സപ്തംബര്‍ 6 നായിരുന്നു വകുപ്പ് മേധാവിയുടെ അംഗീകാരത്തോടെ പ്രബന്ധം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. എന്നാല്‍, മലയാള വിഭാഗം മേധാവി ഡോ. എന്‍ തോമസ്‌കുട്ടി കൃത്യമായ കാരണമൊന്നും പറയാതെ തിസീസ് സമര്‍പ്പണം വൈകിപ്പിക്കുകയായിരുന്നു.

വകുപ്പ് മേധാവിയുടെ വിദ്യാര്‍ത്ഥി സ്ത്രീവിരുദ്ധമായ നടപടികള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചതിനാലും താനൊരു ദലിത് വിദ്യാര്‍ത്ഥിയായതിനാലും ആണ് വകുപ്പ് മേധാവി ഗവേഷണ പ്രബന്ധം വൈകിപ്പിച്ചതെന്നും സിന്ധു പറഞ്ഞു.

തനിക്കുശേഷം തിസീസ് സമര്‍പ്പിച്ചവര്‍ക്ക് മിനിറ്റുകള്‍ക്കകം തന്നെ തോമസ് കുട്ടി ഒപ്പിട്ടുനല്‍കുകയും തന്റെ ഫയല്‍ മാറ്റിവയ്ക്കുകയുമായിരുന്നു. കാരണമറിയാന്‍ നാലിന് വകുപ്പുമേധാവിയെ ചെന്നുകണ്ടപ്പോള്‍ നിയമപരമായ നടപടികള്‍ക്കു സമയം വേണം എന്നാണ് പറഞ്ഞത്. എന്നാല്‍, ആഗസ്ത് 30ന് വകുപ്പ് മേധാവി ചെയര്‍പേഴ്‌സന്‍ ആയ ഡോക്ടറല്‍ കമ്മിറ്റികൂടി പരിശോധിച്ചാണ് ആ കമ്മിറ്റിയുടെ ശുപാര്‍ശയോടെ മലയാള വിഭാഗത്തില്‍ തിസീസ് സമര്‍പ്പിച്ചതെന്ന് സിന്ധു ചൂണ്ടിക്കാട്ടി.

തന്റെ തിസീസ് സംബന്ധമായ രേഖകള്‍ മാത്രം വീണ്ടും പരിശോധിക്കേണ്ടി വന്നത് കടുത്ത വിവേചനമാണ്. മറ്റുള്ള ഗവേഷകര്‍ക്ക് തെളിയിക്കേണ്ടതില്ലാത്ത വിശ്വാസ്യതയും സത്യസന്ധതയും തനിക്ക് മാത്രം തെളിയിക്കേണ്ടി വന്നുവെന്നും സിന്ധു പറയുന്നു.

ഗവേഷണ സംഘടനയായ എകെആര്‍എസ്എയ്ക്ക് പരാതിനല്‍കിയതിനെ തുടര്‍ന്ന് അവര്‍ ഇടപെട്ടതുകൊണ്ടു മാത്രമാണ് സപ്തംബര്‍ 6ന് വൈകീട്ട് അവസാന നിമിഷത്തില്‍ വകുപ്പ് മേധാവി തിസീസില്‍ ഒപ്പുവച്ചത്. യാതൊരു കാരണവുമില്ലാതെ തന്റെ പ്രബന്ധം പിടിച്ചുവച്ചപ്പോള്‍ മറ്റു ഗവേഷകരുടെ ഒട്ടും പിറകില്‍ അല്ലെന്നു സ്വയംബോധ്യം ഉണ്ടായിരുന്നിട്ടും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയെന്നും അത് തന്നെപ്പോലുള്ള ദരിദ്ര വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള ഗതികേട് കൊണ്ടാണെന്നും സിന്ധു ഫെയ്‌സ്ബുക്കില്‍ വിവരിച്ചു.

ദലിത് വിദ്യാര്‍ത്ഥിയായ തനിക്ക് നേരിടേണ്ടി വന്ന അവസ്ഥ മറ്റുള്ള ദലിത് വിദ്യാര്‍ത്ഥികളും നിരന്തരമായി അനുഭവിച്ചുകൊണ്ടിക്കുകയാണെന്നും സിന്ധു തന്റെ എഫ്ബി പേജിലൂടെ പറഞ്ഞു.

വകുപ്പ മേധാവിയുടെ നടപടിക്കെതിരെ വനിതാസെല്ലില്‍ പരാതിപ്പെടാല്‍ ഇരിക്കുകയാണെന്നും സിന്ധു പറഞ്ഞു.

സിന്ധു പി സിന്ധൂപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ 

Full View

Tags: