മാഗസിനിലെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ നീക്കണം: എസ്എഫ്‌ഐ

മാഗസിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം സംഘടനാപരമായി അന്വേഷിച്ച് വീഴ്ചവരുത്തിയവര്‍ക്കെതിരേ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പ്രസിഡന്റ് ഇ അഫ്‌സല്‍, ജില്ലാ സെക്രട്ടറി കെ എ സക്കീര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Update: 2019-10-15 18:04 GMT

മലപ്പുറം: കാലിക്കറ്റ്് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ (ഡിഎസ്‌യു) മാഗസിനിലെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ നീക്കംചെയ്യണമെന്ന് എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് സര്‍വകലാശാല അധികൃതരോട് ആവശ്യപ്പെട്ടു. 2018-19 വര്‍ഷത്തെ 'പോസ്റ്റ് ട്രൂത്ത്' മാഗസിനിലാണ് മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങളുള്ളതായി പരാതി ഉയര്‍ന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ എസ്എഫ്‌ഐ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. ഒരു മതത്തെയും മോശമായി ചിത്രീകരിക്കലോ അപകീര്‍ത്തിപ്പെടുത്തലോ എസ്എഫ്‌ഐയുടെ നയമല്ല. മതവിശ്വാസം വ്യക്തിസ്വാതന്ത്ര്യമാണ്. ഇത്തരത്തില്‍ വിവാദമുണ്ടാവാനിടയായ സാഹചര്യം പരിശോധിക്കും.


 മാഗസിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം സംഘടനാപരമായി അന്വേഷിച്ച് വീഴ്ചവരുത്തിയവര്‍ക്കെതിരേ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പ്രസിഡന്റ് ഇ അഫ്‌സല്‍, ജില്ലാ സെക്രട്ടറി കെ എ സക്കീര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ പുറത്തിറക്കിയ മതനിന്ദയും അശ്ലീലവും കലര്‍ന്ന കവിതയും ലേഖനങ്ങളും ഉള്‍പ്പെടുത്തിയ മാഗസിനാണ് വിവാദമായത്. മാഗസിനെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മതവിശ്വാസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന മാഗസിന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് യൂനിവേഴ്‌സിറ്റിയിലേക്ക് പ്രകടനം നടത്തുകയും മാഗസിന്റെ കോപ്പികള്‍ കത്തിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് മാഗസിന്‍ പിന്‍വലിച്ചതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും കോപ്പികളുടെ വിതരണം നിര്‍ത്തിവയ്ക്കുക മാത്രമാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല സമിതിയെ നിയോഗിച്ചിരിക്കുകയാണ്. 

Tags: