പോലിസിലെ അഴിമതി: നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്പോര്

പോലിസ് പർച്ചേസിൽ മാറ്റം വരുത്തുന്നതിൽ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം മന്ത്രിസഭ പരിശോധിക്കും. സിംസ് പദ്ധതിയിൽ കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന് വ്യവസായ വകുപ്പ് പരിശോധിക്കും.

Update: 2020-03-02 06:30 GMT

തിരുവനന്തപുരം: അടിയന്തിര പ്രമേയത്തിന്റെ നോട്ടീസിന് മേലുള്ള ചര്‍ച്ചയില്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്പോര്. സിഎജി കണ്ടെത്തിയ പോലിസിലെ അഴിമതി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സർക്കാർ മൂടിവയ്ക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പി ടി തോമസാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ പ്രതിപക്ഷം ഉന്നയിച്ച സിബിഐ അന്വേഷണ അവശ്യം മുഖ്യമന്ത്രി തള്ളി. വെടിയുണ്ടകൾ കാണാതായത് യുഡിഎഫ് കാലത്താണെന്നും അന്ന് അത് മൂടിവച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു . കേസിൽ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്. സിഎജി റിപോർട്ട ചോർന്നത് ഗൗരവതരമെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് പോലിസ് അഴിമതി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

ഡിജിപിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പിണറായി വിജയന് ഇരട്ടച്ചങ്ക് അല്ലെന്നും ഡിജിപിയെ കാണുമ്പോൾ ചങ്കിടിപ്പാണെന്നും പ്രതിപക്ഷം ആക്ഷേപിച്ചു. ലാവ്‍ലിൻ പേടിയാണ് ഇതിന്‍റെ അടിസ്ഥാനമെന്നും പ്രതിപക്ഷം ആരോപിച്ചു. ലാവലിൻ കേസിൽ ഡൽഹി രാജധാനിയിലേക്കു ബെഹ്റ പാലത്തിലൂടെ പിണറായി സഞ്ചരിക്കുകയാണെന്ന് ആക്ഷേപിച്ച പ്രതിപക്ഷം പോലിസ് അഴിമതിയിൽ സിബിഐ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. ഡിജിപിയും കെൽട്രോണും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും 150 കോടി ജനങ്ങളിൽ നിന്ന് കൊള്ളയടിക്കാൻ ഗാലക്സോണിനെ മറയാക്കിയെന്നും പി ടി തോമസ് പറഞ്ഞു. ആരാണിതിന് പിന്നിലെന്ന് മുഖ്യമന്ത്രി പറയണം. അല്ലെങ്കില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പറയേണ്ടി വരും. 

പോലിസ് അഴിമതി സംബന്ധിച്ച സിഎജി കണ്ടെത്തലുകളും പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി പിണറായി വിജയൻ പൂര്‍ണ്ണമായും തള്ളി. ഡിജിപി ബെഹ്റയെ മാറ്റേണ്ട ആവശ്യമില്ല. എന്തിനാണ് ലോക്നാഥ് ബെഹ്റയെ ആക്ഷേപിക്കുന്നത് എന്ന് ചോദിച്ച മുഖ്യമന്ത്രി സാധാരണ സംസാരിക്കുമ്പോൾ കാണിക്കേണ്ട മിനിമം മര്യാദ വേണമെന്ന് പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. ഡിജിപിയെ മാറ്റണമെന്ന പ്രതിപക്ഷത്തിന്‍റെ മോഹം നടക്കില്ലെന്ന് പറഞ്ഞ പിണറായി വിജയൻ പോലിസ് അഴിമതിക്കെതിരായ കണ്ടെത്തലുകളും ആരോപണങ്ങളും പൂര്‍ണ്ണമായും ന്യായീകരിക്കുകയും ചെയ്തു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് ടെണ്ടര്‍ വിളിച്ചശേഷമാണ്. കുറഞ്ഞ തുക വാഗ്ദാനം ചെയ്ത സ്ഥാപനത്തിൽ നിന്നാണ് വാഹനം വാങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓപ്പൺ ടെണ്ടര്‍ വിളിക്കാത്തത് സുരക്ഷ മുൻ നിർത്തിയാണ്. ആറ് വാഹന നിർമ്മാതാക്കൾ താൽപര്യം കാട്ടിയിരുന്നു, കുറഞ്ഞ തുക ആയതു കൊണ്ടാണ് നിലവിലുള്ള വാഹനം വാങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിപിമാർക്ക് സ്വന്തമായി ഔദ്യോഗിക വസതി ഇല്ലായിരുന്നു. അതുകൊണ്ടാണ് വില്ലാ പ്രൊജക്റ്റ് നടപ്പാക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. എന്നാൽ കെൽട്രോണിനെ മറയാക്കി അഴിമതി നടത്തുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗാലക്സോൺ തട്ടിപ്പ് കമ്പനിയാണ്. മൂന്നിൽ രണ്ട് ഡയറക്ടര്‍മാരും കരിമ്പട്ടികയിൽ പെട്ടവരാണെന്ന് പി ടി തോമസ് ആരോപിച്ചു. ഗാലക്സോണിന് ആവശ്യത്തിന് പ്രവൃത്തി പരിചയമില്ലെന്ന ആരോപണം തള്ളിയ മുഖ്യമന്ത്രി ഗാലക് സോണിൻ്റെ പങ്കാളി കമ്പനിക്ക് മൂന്ന് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുണ്ടെന്ന് വ്യക്തമാക്കി. വോസ്റ്റോക്ക് കമ്പനിക്കാണ് മൂന്ന് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ളത്. നിബന്ധനകൾ പാലിച്ചാണ് ഗാലക്സോണിനെ കെൽട്രോൺ തിരഞ്ഞെടുത്തത്. ഗാലക്സോൺ ബിനാമി കമ്പനിയാണെന്ന പരാതി ലഭിച്ചിട്ടില്ല. ഗാലക്സോൺ ബ്ലാക്ക് ലിസ്റ്റിൽ പെട്ടിട്ടില്ലെന്ന് അവർ തന്നെ സാക്ഷ്യപത്രം നൽകിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പോലിസ് പർച്ചേസിൽ മാറ്റം വരുത്തുന്നതിൽ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം മന്ത്രിസഭ പരിശോധിക്കും. സിംസ് പദ്ധതിയിൽ കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന് വ്യവസായ വകുപ്പ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലാവ്‍ലിൻ കേസിൽ ഒന്നും ഭയക്കാനില്ല, അതിലെവിടെയാണ് പിണറായി പ്രതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്നാൽ വിചാരണ കൂടാതെ ആരെയും കുറ്റവിമുക്തമാക്കാനാവില്ലെന്ന സുപ്രീം കോടതി വിധി ഓർമിപ്പിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. അഴിമതി കേസിൽ കീഴ്കോടതി വെറുതേവിട്ട ലാലു പ്രസാദിനെ സുപ്രീം കോടതി ശിക്ഷിച്ചതും ചെന്നിത്തല ഓർമിപ്പിച്ചു. ഡിജിപിയും കെൽട്രോണും തമ്മിൽ അവിശുദ്ധ ബന്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബെഹ്റയോട് പിണറായിക്ക് ഇത്രയും സ്നേഹമുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. 

Tags:    

Similar News