അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം

മന്ത്രിമാർക്കു പുറമേ കാബിനറ്റ് പദവി ലഭിക്കുന്ന അഞ്ചാമത്തെ ആളാണ് എജി സി പി സുധാകരപ്രസാദ്. എജിയുടേത് സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് പദവി നൽകുന്നതെന്നാണ് വിശദീകരണം.

Update: 2019-10-23 06:26 GMT

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകാൻ സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മന്ത്രിമാർക്കു പുറമേ കാബിനറ്റ് പദവി ലഭിക്കുന്ന അഞ്ചാമത്തെ ആളാണ് എജി സി പി സുധാകരപ്രസാദ്.

എജിയുടേത് സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് പദവി നൽകുന്നതെന്നാണ് വിശദീകരണം. എന്നാൽ എ വേലപ്പൻ നായരെ മുഖ്യമന്ത്രിയുടെ ലെയ്സൺ ഓഫീസറായി നിയമിച്ചതിലുള്ള സുധാകരപ്രസാദിന്റെ അതൃപ്തി മറികടക്കാനാണ് കാബിനറ്റ് പദവിയെന്നാണ് സൂചന.

സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നതും നിയമോപദേശം നൽകുന്നതും എജിയാണ്. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ അധിക ബാധ്യത വരുത്തി വീണ്ടും ക്യാബിനറ്റ് പദവി നൽകാനുള്ള തീരുമാനം വിവാദമായിട്ടുണ്ട്. കാബിനറ്റ് പദവി ലഭിക്കുന്നതോടെ മന്ത്രിമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എജിക്കും ലഭിക്കും. ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്ചുതാനന്ദൻ, മുന്നാക്കക്ഷേമ കോർപറേഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ള, ഡൽഹിയിലെ സംസ്ഥാന പ്രതിനിധി എ സമ്പത്ത് എന്നിവർക്ക് കാബിനറ്റ് പദവി നൽകിയിട്ടുണ്ട്.

Tags:    

Similar News