പബ്ബുകളും ബ്രൂവറികളുമില്ല; മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ വിവാദ തീരുമാനം വേണ്ടെന്ന സിപിഎം സെക്രട്ടേറിയേറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലാണ് പബ്ബും ബ്രൂവറികളും തൽകാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാറെത്തിയത്.

Update: 2020-02-25 05:00 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കരട് മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഏപ്രിൽ ഒന്ന് മുതൽ പുതിയ മദ്യനയം നിലവിൽ വരും. അബ്കാരി ഫീസുകളും കൂട്ടി. മുൻ മദ്യനയത്തെക്കാൾ വലിയ മാറ്റങ്ങളില്ലാതെയാണ് കരട് മദ്യനയത്തിന് അംഗീകാരമായത്. ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുക, സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്ന കാര്യത്തിൽ നയപരമായ തീരുമാനം എന്നിവയാണ് മന്ത്രിസഭായോഗത്തിന്‍റെ പരിഗണനക്ക് വന്ന പ്രധാന വിഷയങ്ങൾ.

ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ശുപാര്‍ശകൾ പലതലങ്ങളിൽ നിന്ന് സര്‍ക്കാരിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഡ്രൈഡേ ഒഴിവാക്കേണ്ടെന്ന നിലപാടാണ് കരട് മദ്യനയത്തിൽ ഉള്ളത്. കള്ളുഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യും. പബ്ബുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. പുതുതായി ബ്രൂവറികൾക്ക് ലൈസൻസ് നൽകേണ്ടതില്ലെന്നും തീരുമാനിച്ചതായി സൂചന. ഇതു രണ്ടും ഒഴിവാക്കിയുള്ളതാണ് പുതിയ മദ്യനയം.

തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ വിവാദ തീരുമാനം വേണ്ടെന്ന സിപിഎം സെക്രട്ടേറിയേറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലാണ് പബ്ബും ബ്രൂവറികളും തൽകാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാറെത്തിയത്. ബാറുകളുടെ ലൈൻസ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളിൽനിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോർഡ് നിലവിൽ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം പുതിയ മദ്യനയത്തിലുണ്ട്. ബാർ ലൈൻസുള്ള ക്ലബുകളുടെ വാർഷിക ലൈൻസ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തിൽ വ്യവസ്ഥയുണ്ട്.

നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയർന്നിരുന്നത്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടേറ്റിൽ എതിർപ്പുയർന്ന പശ്ചാത്തലത്തിൽ തത്കാലം പബ്ബുകൾ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുകയായിരുന്നു.

Tags:    

Similar News