സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമ ഭേദഗതി

നിലവിലുള്ള പോലിസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്.

Update: 2020-10-21 13:45 GMT

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് വലിയ ഉല്‍കണ്ഠ ഉളവാക്കുന്നുണ്ട്. അടുത്ത കാലത്ത് സൈബര്‍ വേദികള്‍ ഉപയോഗിച്ച് നടത്തിയ ചില കുറ്റകൃത്യങ്ങള്‍ നമ്മുടെ സ്ത്രീ സമൂഹത്തിനിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സ്വകാര്യജീവിതത്തിനും സൈബര്‍ ആക്രമണങ്ങള്‍ വലിയ ഭീഷണിയായിരിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് കണ്ടതിനാല്‍ പോലിസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ഭേദഗതി, ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

നിലവിലുള്ള പോലിസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങളെ കുറിച്ച് കേരള ഹൈക്കോടതി തന്നെ കഴിഞ്ഞ മെയ് മാസം ഒരു കേസില്‍ പരാമര്‍ശിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പോലിസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വര്‍ധിച്ചതായിട്ടാണ് കാണുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലിസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പോലിസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

Tags: