സി എ റഊഫിന്റെ അന്യായമായ അറസ്റ്റ്: പോലിസിന്റെ പകപോക്കല്‍ അവസാനിപ്പിക്കുക- പോപുലര്‍ ഫ്രണ്ട്
രണ്ടുനേതാക്കള്‍ക്കുമെതിരേ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുകയും ഇരുവരെയും വിട്ടയയ്ക്കുകയും ചെയ്യണം. രണ്ടു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത പാലക്കാട് നോര്‍ത്ത് എസ്‌ഐയ്‌ക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് നേതാക്കളെ അന്യായമായി അറസ്റ്റുചെയ്ത് കള്ളക്കേസ് ചുമത്തിയിരിക്കുന്നത്.
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം സി എ റഊഫിനെയും എസ് ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് അമീര്‍ അലിയെയും പോലിസ് അന്യായമായി അറസ്റ്റുചെയ്ത സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ശക്തമായി പ്രതിഷേധിച്ചു. രണ്ടുനേതാക്കള്‍ക്കുമെതിരേ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുകയും ഇരുവരെയും വിട്ടയയ്ക്കുകയും ചെയ്യണം.
രണ്ടു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത പാലക്കാട് നോര്‍ത്ത് എസ്‌ഐയ്‌ക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് നേതാക്കളെ അന്യായമായി അറസ്റ്റുചെയ്ത് കള്ളക്കേസ് ചുമത്തിയിരിക്കുന്നത്. മുസ്ലിം യുവാക്കള്‍ക്കെതിരായ പോലിസിന്റെ മൂന്നാംമുറക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുകയും ജനാധിപത്യപരമായി പ്രതിഷേധിക്കുകയും ചെയ്തതിനെതിരേയുള്ള പകപോക്കല്‍ നടപടിയാണിത്. ഇത്തരം അമിതാധികാര പ്രയോഗവും പോലിസ് രാജും അംഗീകരിക്കാനാവില്ല. ഇതിനെതിരേ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക സംഭവത്തിന്റെ പേരില്‍ യാതൊരു ബന്ധവും ഇല്ലാത്ത പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി അടക്കമുള്ളവര്‍ക്കെതിരേയാണ് കസ്റ്റഡി പീഡനമുണ്ടായത്. അതിക്രമം നടത്തിയ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുന്നതിന് പകരം പോലിസിലെ ക്രിമിനലുകളെ വെള്ളപൂശാനുള്ള ശ്രമമാണ് പോലിസും സര്‍ക്കാരും ചെയ്യുന്നത്. അതിനായി കസ്റ്റഡിയിലുള്ളയാളെ ഭീഷണിപ്പെടുത്തി വീഡിയോ ചെയ്യിക്കുന്നു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. സാമൂഹ്യരാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത് ചെറുക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
