സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പായി

കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാര്‍ മൽസരിച്ചതില്‍ മൂന്നു പേരും വിജയം ഉറപ്പിച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ നിന്നും മൽസരിച്ചവരില്‍ അരൂര്‍ എംഎല്‍എ എ എം ആരിഫും ഇതിനോടകം വിജയം ഉറപ്പിച്ചിട്ടുണ്ട്.

Update: 2019-05-23 11:25 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കെ സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പായി. കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാര്‍ മൽസരിച്ചതില്‍ മൂന്നു പേരും വിജയം ഉറപ്പിച്ചിട്ടുണ്ട്. അടൂർ പ്രകാശ്, ഹൈബി ഈഡൻ, കെ മുരളീധരൻ എന്നിവരാണ് വിജയതീരത്തേക്ക് അടുത്തത്. എല്‍ഡിഎഫില്‍ നിന്നും മൽസരിച്ചവരില്‍ അരൂര്‍ എംഎല്‍എ എ എം ആരിഫും ഇതിനോടകം വിജയം ഉറപ്പിച്ചിട്ടുണ്ട്.

ആലപ്പുഴയില്‍ 30000 ത്തോളം വോട്ടുകള്‍ മാത്രം എണ്ണാനിരിക്കെ ഇവിടെ 13000 വോട്ടുകളുടെ വ്യക്തമായ ലീഡ് ആരിഫ് നേടിക്കഴിഞ്ഞു. ഇതോടെ വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ എംപിമാരായി തിരഞ്ഞെടുക്കപ്പെടുന്നതിനെ തുടര്‍ന്ന്‍ രാജിവയ്ക്കും.

ഇതിനുപുറമേ കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‍ ഒഴിവുവന്ന പാലായിലും അബ്ദു റസാഖിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം ഇനി 6 മാസത്തിനു ശേഷം നടക്കേണ്ട ഈ ഉപതിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാകും. ആറിൽ അഞ്ച്  എണ്ണവും യുഡിഎഫിന്റെ സീറ്റും ഒരെണ്ണം മാത്രം ഇടതുപക്ഷത്തിന്റെ സീറ്റുമാണ്.

അരൂര്‍ നിലനിര്‍ത്തുകയെന്നതും യുഡിഎഫിന്റെ മറ്റ്‌ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക എന്നതും എൽഡിഎഫിന് നിര്‍ണ്ണായകമാണ്. മറിച്ച് പരാജയമാണെങ്കിൽ അത് പിണറായി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ  ബാധിക്കും.

Tags:    

Similar News